മലപ്പുറം ജില്ല ആശുപത്രിയിൽ നവംബർ ഒന്നുമുതൽ ഡയാലിസിസ് രണ്ട് ഷിഫ്റ്റ്; ആശുപത്രിയിലെ പരിമിതികൾ: ഡി.എം.ഒയുടെ സാന്നിധ്യത്തിൽ 29ന് യോഗം
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് രണ്ടാം ഷിഫ്റ്റ് നവംബർ ഒന്നുമുതൽ ആരംഭിക്കും. രണ്ട് സ്റ്റാഫ് നഴ്സുമാരെയും രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാരെയും താൽക്കാലികമായി അധികം നിയമിച്ചാണ് പ്രവർത്തനം. ഒരു സ്റ്റാഫ് നഴ്സിനും ടെക്നീഷ്യനും ബ്ലഡ് ബാങ്കിൽനിന്നും മറ്റു രണ്ടുപേർക്ക് എച്ച്.എം.സിയിൽനിന്ന് ദിവസവേതനം നൽകും. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒമ്പത് ഡയാലിസിസ് മെഷീനുകൾ ലഭിച്ചിട്ടും ഭാഗികമായി മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഒരു തസ്തികപോലും അനുവദിക്കാത്തത് പ്രവർത്തനം താളം തെറ്റിക്കുന്നെന്നും 'മാധ്യമം' വാർത്തകൾ നൽകിയിരുന്നു.
ഒമ്പത് യന്ത്രങ്ങളിൽ നിലവിൽ നാലര മണിക്കൂർ പ്രവർത്തിപ്പിച്ച് ദിവസം എട്ടുപേർക്കാണ് നിലവിൽ ഡയാലിസിസ്. നവംബർ ഒന്നുമുതൽ ഇത് 16 പേർക്കാവും. അർഹരായ 150ഒാളം രോഗികളുടെ പട്ടികയാണ് ഇതിനായി തയാറാക്കിയത്. 2018ൽ കിഫ്ബിയിൽ അനുവദിച്ചു കിട്ടിയ ഡയാലിസിസ് മെഷീനുകൾ രണ്ടുവർഷത്തോളം കഴിഞ്ഞാണ് സ്ഥാപിച്ചത്. ഇവ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് ഒാൺലൈനിൽ മന്ത്രി ഉദ്ഘാടനം നടത്തിയെങ്കിലും പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് ഡയാലിസിസ് ആരംഭിച്ചത്. ദിവസം മൂന്നു ഷിഫ്റ്റ് പ്രവർത്തിക്കാനുള്ള ജീവനക്കാരെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
240 രോഗികളെ കിടത്താൻ സൗകര്യങ്ങളുണ്ടായിട്ടും ശരാശരി 50 രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ സേവനങ്ങൾ പൂർണാർഥത്തിൽ ലഭ്യമല്ലാത്തതും ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിൽ നിർവഹണോദ്യോഗസ്ഥർ എന്ന നിലയിൽ പൂർണ സഹകരണം ലഭ്യമല്ലാത്തതുമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ 29ന് ജില്ല മെഡിക്കൽ ഒാഫിസറുടെ അധ്യക്ഷതയിൽ യോഗം ചേരും. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ, ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ തുടങ്ങിയവരെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറ ചേംബറിലാണ് യോഗം.
240 രോഗികളെ കിടത്താൻ സൗകര്യങ്ങളുണ്ടായിട്ടും ശരാശരി 50 രോഗികളെ മാത്രമാണ് കിടത്തിച്ചികിത്സിക്കുന്നത്. എമർജൻസി ഒാപറേഷൻ തിയറ്റർ പ്രവർത്തിക്കുന്നില്ല. രാവിലെ എട്ടിന് തുടങ്ങേണ്ട ഒ.പികൾ 9.30 ആയിട്ടും തുടങ്ങാത്തതിനെക്കുറിച്ച് സ്ഥലം എം.എൽ.എ പൊതുവേദിയിൽ ആശുപത്രി സൂപ്രണ്ടിെൻറയും ആർ.എം.ഒയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്ന നിലയിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പോലും പങ്കെടുക്കുന്നില്ലെന്നും അടക്കം പരാതികളുണ്ട്. രോഗികളും പൊതുജനങ്ങളും അനുഭവിക്കുന്ന പരാതികൾക്ക് സ്ഥിരമായി ലഭിക്കുന്ന മറുപടി വേണ്ടത്ര ജീവനക്കാരില്ലെന്നാണ്. ഇതേ ജീവനക്കാരെ െവച്ചാണ് ഒരു കട്ടിലു പോലും ഒഴിവില്ലാതെ ആശുപത്രി പ്രവർത്തിച്ചിരുന്നത്. പരാതികൾ ജില്ല പഞ്ചായത്ത് കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാനും നിലവിലെ സ്ഥിതിഗതികൾ അവലോകനം നടത്താനും കലക്ടർ ആശുപത്രി സന്ദർശിച്ച വേളയിൽ നിർദേശിച്ചതാണ്.
മാസ്റ്റർ പ്ലാൻ: ഒരുതവണകൂടി യോഗം
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 11 കോടിയും ആർദ്രം പദ്ധതിയിൽ ലഭിച്ച 1.25 കോടിയും ചേർത്ത് നിർമിക്കേണ്ട കെട്ടിടം, ഒ.പി നവീകരണം തുടങ്ങിയവയക്കായി തയാറാക്കുന്ന മാസ്റ്റർ പ്ലാനിനുവേണ്ടി നവംബർ രണ്ടിന് ആശുപത്രിയിൽ ജില്ല പഞ്ചായത്ത്, എച്ച്.എം.സി അംഗങ്ങൾ യോഗം ചേരും. മാസ്റ്റർ പ്ലാൻ തയാറാക്കാനായി ചുമതലപ്പെടുത്തിയത് കെല്ലിനെയാണ്. മുൻഭാഗത്തുള്ള ഒാഫിസ് അടക്കം പഴയ കെട്ടിടങ്ങൾ പൊളിക്കാനും പാർക്കിങ് സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാനുമാണ് മുൻ സർക്കാർ ഫണ്ട് അനുവദിച്ചത്. കെൽ പ്രതിനിധികൾ ഒരുതവണ ആശുപത്രി സന്ദർശിച്ച് പ്രാഥമിക രൂപരേഖ തയാറാക്കിയതാണ്. ഇപ്പോഴും മാസ്റ്റർപ്ലാൻ പൂർണരൂപത്തിലായിട്ടില്ല. രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്ക് ശേഷവും ആശുപത്രി എങ്ങനെയായിരിക്കണമെന്ന് അടിസ്ഥാനപ്പെടുത്തിയാണ് മാസ്റ്റർപ്ലാൻ തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.