ഡീസൽ ചോർച്ച: കുടുംബങ്ങളുടെ ദുരിതം തീർക്കാൻ നടപടി
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെത്തുടർന്ന് ഡീസൽ കലർന്ന് കിണറുകളിലെ വെള്ളം മലിനമായതുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്ന് ഇന്ധനക്കമ്പനിയോട് ദുരന്തനിവാരണ വകുപ്പ് രേഖാമൂലം ആവശ്യപ്പെടും. പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി മുമ്പാകെ നടന്ന ചർച്ചയിലാണ് തീരുമാനം. നേരേത്ത ഡെപ്യൂട്ടി കലക്ടർ വാക്കാൽ ആവശ്യപ്പെട്ട കാര്യമാണിത്.
ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാൻകൂടിയായ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി എസ്. സൂരജ്, മഞ്ചേരി സബ് ജഡ്ജിയും ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിമുമാണ് പരാതി കേട്ടത്. ഇന്ധനക്കമ്പനി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
ഇവിടത്തെ ആറു കുടുംബങ്ങൾക്കാണ് കുടിവെള്ളം മുടങ്ങിയത്. നിലവിൽ മൂന്നുദിവസത്തിൽ ഒരുതവണ എന്ന തോതിൽ ജലഅതോറിറ്റി പണം ഈടാക്കി വെള്ളം നൽകുന്നുണ്ട്. ദുരിതബാധിതർക്കെന്നപോലെ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വെള്ളം വിതരണം ചെയ്യാൻ ഓഡിറ്റ് തടസ്സമുണ്ട്. ജില്ല ഭരണകൂടം ഉത്തരവിട്ടാൽ ചെയ്യാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചത്. ഒന്നോ രണ്ടോ ദിവസത്തിനകം ഉത്തരവ് നൽകാമെന്ന് ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ യോഗത്തിൽ അറിയിച്ചു.
വെള്ളത്തിലെ മാലിന്യം പരിശോധിക്കാൻ ലാബിലേക്ക് സാംപ്ൾ അയച്ചിട്ടുണ്ട്. എത്രപേർക്ക് ദുരന്തം ബാധിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി രണ്ടുദിവസത്തിനകം കൃത്യമായി റിപ്പോർട്ട് നൽകും. നഷ്ടപരിഹാരം സംബന്ധിച്ച ചർച്ച രണ്ടാംഘട്ടത്തിൽ നടത്തും. ഇന്ധനം ചോർന്നത് പ്രത്യക്ഷത്തിൽ കൃഷിയെ ബാധിച്ചിട്ടില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് അപകട മേഖലയിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ വെക്കും.
14 തവണ ഈ ഭാഗത്ത് വാഹനാപകടം നടന്നിട്ടുണ്ട്. കോഴിക്കോട് ലാബിൽ അയച്ച് പ്രദേശത്ത് മണ്ണുപരിശോധന നടത്തും. വിവിധ വകുപ്പ് പ്രതിനിധികളും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.