മഴപ്പേടിയിൽ സുരക്ഷ തേടി...
text_fieldsപെരിന്തൽമണ്ണ: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കെ താലൂക്കിൽ രണ്ടു ദിവസത്തിനിടെ 105 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ആദിവാസി കുടുംബങ്ങളെ മാത്രമാണ് പ്രത്യേക ക്യാമ്പ് സജ്ജീകരിച്ച് മാറ്റിയത്. മങ്കട ചേരിയം മലയിലെ നാലു കുടുംബങ്ങളെ കൂട്ടിലിൽ സ്കൂളിലേക്കും താഴേക്കോട് പാമ്പി ഇടിഞ്ഞാടി കോളനിയിലെ ആദിവാസി കുടുംബങ്ങളെ പാണമ്പി എം.ജെ അക്കാദമിയിലേക്കുമാണ് മറ്റിയത്. പെരിന്തൽമണ്ണ ആഭരണക്കല്ല്, കീഴാറ്റൂരിൽ മുൻവർഷം അപകടാവസ്ഥയിലായ പ്രദേശം എന്നിവിടങ്ങളിലെയും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. താലൂക്കിൽ കുന്തിപ്പുഴയുടെ തീരത്തെ കുടുംബങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ പറഞ്ഞിട്ടുണ്ട്. പെരിന്തൽമണ്ണ ഊട്ടി റോഡിൽ മാനത്തുമംഗലം ബൈപാസ് ജങ്ഷനിലും വെള്ളിയാഴ്ച വൈകീട്ടോടെ വെള്ളം ഉയർന്ന് റോഡ് വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ്.
പെരിന്തൽമണ്ണ: പാണമ്പി-ഇടിഞ്ഞാടി ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലെ 16 അംഗങ്ങളെ പൊലീസും ഫയര്‍ ഫോഴ്സും ചേർന്ന് പാണമ്പിയിലെ എം.ജെ അക്കാദമി ക്യാമ്പിലേക്ക് മാറ്റി. രണ്ടു കുടുംബം ബന്ധു വീട്ടിലേക്ക് മാറി. നവജാത ശിശു ഉള്ളതിനാൽ ഒരു കുടുംബത്തെ നേരത്തേ സന്നദ്ധ പ്രവർത്തകർ വാടക വീടെടുത്ത് താൽക്കാലികമായി മാറ്റിയിരുന്നു. മൂന്നു പതിറ്റാണ്ടായി വീടിനു കാത്തിരിക്കുന്ന ഇവരെ പതിവായി കാലവർഷം കനക്കുമ്പോൾ ഇപ്രകാരം ക്യാമ്പിലേക്ക് മാറ്റാറാണ്.
കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ 125 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് റവന്യൂ വകുപ്പ് അധികൃതർ മാറ്റിപ്പാർപ്പിച്ചു. മുള്ള്യാകുർശ്ശി, നെന്മിനി ഭാഗങ്ങളിലെ മലയടിവാരങ്ങളിൽ താമസിക്കുന്ന 537 പേരെയാണ് വെള്ളിയാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിയത്. നെന്മിനി എസ്റ്റേറ്റിലെ 36 പേർ കഴിഞ്ഞദിവസം താമസം മാറിയിരുന്നു. മുള്ള്യാകുർശ്ശി മല, നെന്മിനി എസ്റ്റേറ്റ്, പുറയൻമല, വാലത്തിൽമുക്ക് മലയടിവാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് മാറിത്താമസിച്ചത്. മുള്ള്യാകുർശ്ശി ചെങ്ങറ ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറി. മുള്ള്യാകുർശ്ശി മേൽമുറിയിലെ 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും പോയി. 77 പേരെയാണ് ഇവിടുന്ന് മാറ്റിയത്.
മങ്കട: ചേരിയം മലയിലെ ആറ് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂട്ടില്‍ എ.എം.യു.പി സ്കൂളില്‍ ഒരുക്കിയ ക്യാമ്പിലേക്കാണ് വെള്ളിയാഴ്ച വൈകീേട്ടാടെ ഇവരെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.