ശമ്പളമില്ലാതെ ജില്ല ആശുപത്രി എച്ച്.എം.സി ജീവനക്കാർ; കാൻറീൻ വാടക 10 മാസമായി കിട്ടുന്നില്ല
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിലെ ജീവനക്കാർ ഓണമാഘോഷിച്ചത് ആഗസ്റ്റിലെ ശമ്പളം കിട്ടാതെ. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ വരുമാനത്തിൽനിന്നാണിവർക്ക് ശമ്പളം നൽകേണ്ടത്. വിവിധ വിഭാഗങ്ങളിലായി 176 താൽക്കാലിക ജീവനക്കാരാണ് 2021ലെ കണക്ക് പ്രകാരമുള്ളത്. 13 പേരാണ് ആ സമയത്ത് എച്ച്.എം.സി നിയമനത്തിലുള്ളവർ. സമഗ്ര ആരോഗ്യ ഇൻഷുറൻസ് (ആർ.എസ്.ബി.വൈ) വഴി ശമ്പളം നൽകേണ്ട ജീവനക്കാർക്ക് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും മുടങ്ങിയിരുന്നു. ഇത് സെപ്റ്റംബർ അഞ്ചിനാണ് നൽകിയത്. നേരത്തേയുള്ള വരുമാനം കുറഞ്ഞതാണ് സമയത്തിന് ശമ്പളം നൽകാനാവാത്തതിന്റെ കാരണം.
പത്തുമാസമായി കാൻറീൻ വാടക ലഭിക്കുന്നില്ല. ഒരു ലക്ഷത്തോളം വാടകയുണ്ടായിരുന്നത് രണ്ടു മാസം മുമ്പ് നടന്ന എച്ച്.എം.സി യോഗത്തിൽ 44,000 രൂപയാക്കി കുറച്ചു. പത്തുമാസത്തെ വാടക 4.4 ലക്ഷം രൂപയാണ് ആശുപത്രിക്ക് കിട്ടാൻ. എച്ച്.എം.സിയിലേക്ക് പ്രധാനമായി ലഭിക്കുന്ന വരുമാനമാണ് കാൻറീൻ വാടക.
ഇത് കൃത്യമായി പിരിച്ചെടുക്കാനും ജീവനക്കാർക്ക് ശമ്പളം നൽകലടക്കം നടപടി പൂർത്തിയാക്കാനും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്.എം.സി കമ്മിറ്റി താൽപര്യമെടുക്കുന്നില്ലെന്നാണ് പരാതി. കാൻറീൻ നടത്തിപ്പിന് പുതിയ ആളെ കണ്ടെത്താൻ ലേലം നടത്തിയതും പാതിവഴിയിൽ മുടങ്ങി.
1.5 ലക്ഷം പ്രതിമാസ വാടക നൽകാൻ സന്നദ്ധനായ ഒന്നാമത്തെയാൾ പിൻവാങ്ങിയതിനാൽ പഴയ ഉടമ തന്നെയാണ് കാന്റീൻ നടത്തുന്നത്.
കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന ഗർഭിണികൾക്കുള്ള മാതൃ-ശിശു ആരോഗ്യ പദ്ധതി (ജെ.എസ്.എസ്.കെ) പ്രകാരം ഭക്ഷണം വിതരണം ചെയ്യുന്നത് ഇതേ കാൻറീനിൽ നിന്നാണ്. ഭക്ഷണം വിതരണം ചെയ്ത വകയിൽ വലിയ തുക കുടിശ്ശിക ലഭിക്കാനുള്ളത് ഫണ്ടെത്താത്തതിനാൽ നൽകാനായിട്ടില്ല.
താൽക്കാലിക ജീവനക്കാരനായി; ലാബ് കൗണ്ടർ തുറക്കും
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ അടച്ചിട്ട ലാബ് പ്രവർത്തിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിച്ചു. തിങ്കളാഴ്ച മുതൽ ജീവനക്കാരനെത്തും. ആശുപത്രി ലാബിന്റെ കൗണ്ടർ പ്രധാന ബ്ലോക്കിലും മറ്റൊരു കൗണ്ടറും ലാബും മാതൃ-ശിശു ബ്ലോക്കിലുമായാണുള്ളത്. ഇതിൽ പ്രധാന ബ്ലോക്കിലെ കൗണ്ടറാണ് താൽക്കാലികമായി അടച്ചിട്ടിരുന്നത്. തിങ്കളാഴ്ച മുതൽ ഇത് തുറന്ന് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.