ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലിക നിയമനം വിലക്കരുത് -താലൂക്ക് വികസന സമിതി
text_fieldsപെരിന്തൽമണ്ണ: പ്രൈമറി ഹെൽത്ത് സെന്റർ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിൽ തദ്ദേശ വകുപ്പിൽ നിയന്ത്രണമേർപ്പെടുത്തിയ കാര്യം താലൂക്ക് വികസന സമിതി ചർച്ച ചെയ്തു.
നിലവിലെ ജീവനക്കാരെ ഒഴിവാക്കേണ്ട അവസ്ഥയിൽ ആശുപത്രികളിൽ ഈവനിങ് ഒ.പി, രാത്രികാല സേവനം എന്നിവ നിർത്തേണ്ടി വരുമെന്നതിനാൽ രോഗികൾക്ക് പ്രയാസം ഉണ്ടാകുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ ലഭ്യമാക്കുന്ന സേവനത്തിന് ആനുപാിതകമായി തസ്തിക സൃഷിക്കാൻ സർക്കാർ താൽപര്യമെടുക്കാത്തതിനാൽ വികസന പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ട് കൊണ്ട് ഇത്തരത്തിൽ ജീവനക്കാരെ വെക്കാൻ നിർബന്ധിതരാവുകയാണ്. ജീവനക്കാരെ വെക്കുന്നതിന് വിലക്കിയ ഉത്തരവ് പിൻവലിക്കാൻ അധികൃതർ തയാറാവണമെന്ന് താലൂക്ക് സഭ നിർദേശിച്ചു.
താലൂക്ക് പരിധിയിലെ വിവിധ സബ് ജില്ലകളിൽ ഈ മാസം നടക്കുന്ന കലാമേളകളിൽ എക്സൈസ്, പൊലീസ് വകുപ്പുകൾ പരിശോധനകൾ നടത്തി മുൻകരുതലുകളെടുക്കും. തിരുമാന്ധാംകുന്ന് ക്ഷേത്രകുളത്തിന് മുകളിൽ സ്ലാബിട്ട് ബസ് ബേ നിർമിക്കാനും കുളം സൈഡ് കെട്ടി മോടി പിടിപ്പിക്കാനും കഴിയുമോ എന്ന വിഷയം ചർച്ചചെയ്യാൻ ദേവസ്വം അധികൃതരുമായി ഈ മാസം തന്നെ യോഗം ചേരാൻ തീരുമാനിച്ചു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് അസ്ഗര്‍ അലി, സമിതി അംഗങ്ങളായ ഹംസ പാലൂര്, എന്‍.പി. ഉണ്ണികൃഷ്ണന്, കൃഷ്ണദാസ് ആല്‍പ്പാറ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.