540 കുടുംബങ്ങൾക്ക് സേവനങ്ങൾ വാതിൽപടിക്കൽ പദ്ധതിക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കം
text_fieldsപെരിന്തൽമണ്ണ: സമൂഹത്തിൽ അവശതകളനുഭവിക്കുന്നവർ, നിരാലംബർ, അംഗപരിമിതർ തുടങ്ങിയവർക്ക് അവരുടെ വീട്ടുപടിക്കൽ മുഴുവൻ സർക്കാർ സേവനങ്ങളുമെത്തിക്കുന്ന പദ്ധതിക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കം. ക്ഷേമ പെൻഷൻ അപേക്ഷകൾ, ക്ഷേമ പെൻഷൻ തുടർന്ന് ലഭിക്കാൻ മസ്റ്ററിങ്, മസ്റ്ററിങ് തുടർന്ന് നടത്താൻ പറ്റാത്തവർക്ക് ലൈഫ് സർട്ടിഫിക്കേറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ തയാറാക്കൽ, കിടപ്പുരോഗികളായ ദുരിതമനുഭവിക്കുന്നവർക്ക് മരുന്ന് സംഘടിപ്പിച്ചു നൽകൽ തുടങ്ങിയ സേവനങ്ങളാണിതിൽ വരിക.
നഗരസഭയിൽ 540 കുടുംബങ്ങളാണ് സേവനത്തിനായി തെരഞ്ഞെടുത്തതെന്നും പട്ടിക ഇനിയും ചുരുങ്ങുമെന്നും പദ്ധതിക്ക് നേതൃത്വം നൽകിയ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ അറിയിച്ചു. 14ാം വാർഡിൽ താമസിക്കുന്ന തൈക്കാടൻ മുഹമ്മദിന് ലൈഫ് സർട്ടിഫിക്കറ്റ് നഗരസഭ ഭരണസമിതി അംഗങ്ങൾ വീട്ടിൽ എത്തിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർമാൻ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ മുനിസിപ്പൽ സെക്രട്ടറി എസ്. അബ്ദുൽ സജീം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ സ്ഥിരംസമിതി അധ്യക്ഷരായ ഉണ്ണികൃഷ്ണൻ, അമ്പിളി മനോജ്, ഹനീഫ മുണ്ടുമ്മൽ, വാർഡ് കൗൺസിലർമാരായ സക്കീന, സാറ സലിം, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.