എല്ലാവർക്കും കുടിവെള്ളം: ജലജീവൻ മിഷൻ ഉപയോഗപ്പെടുത്തും
text_fieldsപെരിന്തൽമണ്ണ: ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം തീർക്കാനും മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കാനുമായി ജലജീവൻ മിഷൻ ഉപയോഗപ്പെടുത്താൻ തീരുമാനം.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗം കുടിവെള്ള ക്ഷാമവും നിലവിലെ പദ്ധതികളും സംബന്ധിച്ച് ചർച്ച നടത്തി. ജല അതോറിറ്റിയുടെ മേൽനോട്ടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തിൽ ആരംഭിച്ച ജലജീവൻ മിഷനു വേണ്ടി പ്രത്യേക സർവേ നടത്താൻ ജില്ല പഞ്ചായത്തിെൻറ സഹായം ഉപയോഗപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളിൽ ഉറവിടങ്ങൾ കണ്ടെത്താനും തീരുമാനിച്ചു.
15 ശതമാനം തദ്ദേശ വിഹിതവും പത്തു ശതമാനം ഗുണഭോക്തൃ വിഹിതവും ശേഷിക്കുന്ന 75 ശതമാനം കേന്ദ്ര, കേരള സർക്കാറുകളുടെ തുല്യ പങ്കാളിത്തത്തിലുമാണ് ജിലജീവൻ മിഷൻ പൂർത്തിയാക്കേണ്ടത്.
നിലവിൽ മേലാറ്റൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിലാണ് ജലനിധി കുടിവെള്ള പദ്ധതി. ജലനിധി ഇനി പുതിയ പദ്ധതികൾക്ക് അനുമതി നൽകില്ല. തൂതപ്പുഴയിൽ രാമൻചാടി കടവിൽ നിന്ന് വെള്ളമെടുത്ത് അലീഗഢ് കാമ്പസിൽ ടാങ്ക് സ്ഥാപിച്ച് നടപ്പാക്കുന്ന ഏലംകുളം അങ്ങാടിപ്പുറം പഞ്ചായത്തുകൾക്കും പെരിന്തൽമണ്ണ നഗരസഭക്കും ഉപകാരപ്പെടുന്ന കിഫ്ബി പദ്ധതി, താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളുടെ ദാഹമകറ്റാൻ ആവിഷ്കരിച്ച വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി എന്നിവയുടെ ഇപ്പോഴത്തെ സ്ഥിതിയും അവലോകനത്തിൽ വിശദീകരിച്ചു. രാമൻചാടി പദ്ധതി അനന്തമായി നീളുന്ന കാര്യവും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ജലനിധി പദ്ധതി വന്നതിനാൽ ജലഅതോറിറ്റിയുടെ മറ്റു പദ്ധതികളൊന്നും എത്താതെ അവഗണിക്കപ്പെട്ട കാര്യം ആലിപ്പറമ്പിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അവലോകനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ, ബ്ലോക്ക് പ്രസിഡൻറ് അഡ്വ. എ.കെ. മുസ്തഫ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പ്രസാദ്, ജനലിധി റീജനൽ ഡയറക്ടർ ഹൈദർ, ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് സി. സുകുമാരൻ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ടി. നൗഷാദലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സഈദ ടീച്ചർ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ എന്നിവർ പഞ്ചായത്തിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.