മയക്കുമരുന്ന് കടത്ത്: റെയിൽവേ സ്റ്റേഷനിലും കൊറിയർ കേന്ദ്രങ്ങളിലും പരിശോധന
text_fieldsപെരിന്തൽമണ്ണ: മയക്കുമരുന്നും കഞ്ചാവും തേടി പെരിന്തൽമണ്ണയിലെ കൊറിയർ സ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും എക്സൈസ്, പൊലീസ്, ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, പെരിന്തൽമണ്ണ ടൗണിലും പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും വൈലോങ്ങരയിലുമുള്ള കൊറിയർ സ്ഥാപനങ്ങൾ, പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. മയക്കുമരുന്നു മണത്ത് കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ മലപ്പുറം പൊലീസിലെ കെ. 9 ഡോഗ് സ്ക്വാഡിലെ ലെയ്ക്ക എന്ന നായയുമായി ഡോഗ് ട്രെയിനർ ബിജുവും സംഘത്തിലുണ്ടായിരുന്നു. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ചായിരുന്നു പരിശോധന.
ഓണാഘോഷത്തോടനുബന്ധിച്ച് തുടർന്നും കർശന നിരീക്ഷണം നടത്തും. സ്ഥിരം കുറ്റവാളികളെ നിരീക്ഷണത്തിൽ വെക്കാനും ലഹരി ഉപയോഗം നേരിടാനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. രാജേഷ് അറിയിച്ചു. പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ എ. ശ്രീധരൻ, എക്സൈസ് ഇൻസ്പെക്ടർ ഒ. മുഹമ്മദ് അബ്ദുൽ സലീം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അസിസ്റ്റൻറ് ഇൻസ്പെക്ടർ ബിജു, പ്രിവന്റീവ് ഓഫിസർമാരായ യു. കുഞ്ഞാലൻകുട്ടി, പി.എസ്. പ്രസാദ്, ഡി. ഷിബു, വഹാബ്, സിവിൽ എക്സൈസ് ഓഫിസർ കെ. നിബുൺ, എക്സൈസ് ഡ്രൈവർ കെ. പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.