ഗതാഗതക്കുരുക്ക് രൂക്ഷം: തെരഞ്ഞെടുപ്പ് സമയത്തും ചർച്ചയാവാതെ ബൈപാസ് പദ്ധതി
text_fieldsപെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാതയിൽ അങ്ങാടിപ്പുറം ഒാരാടംപാലം മുതൽ മാനത്തുമംഗലം വരെ റെയിൽവേ മേൽപാലത്തോടുകൂടിയ ബൈപാസ് പദ്ധതി നിർജീവം. റോഡിനുള്ള നിർദിഷ്ട പദ്ധതി കൂടുതൽ ചർച്ചയാവേണ്ട ഘട്ടമാണിത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന പദ്ധതി എന്ന നിലയിൽ ഒരു പരാമർശവുമില്ല.
സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പൂർത്തിയാക്കേണ്ട അനിവാര്യ വികസന പദ്ധതിക്ക് 2010ൽ അന്നത്തെ ഇടതു സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതാണ്. അങ്ങാടിപ്പുറത്ത് ഓരാടംപാലം എന്ന പ്രദേശത്തെയും പെരിന്തൽമണ്ണ മാനത്ത് മംഗലത്തെയും കൂട്ടിയോജിപ്പിച്ച് കൃഷിയിടങ്ങളിലൂടെ കൂടുതൽ നാശ നഷ്ടങ്ങളില്ലാതെ പുതിയ റോഡ് നിർമിക്കലാണ് പദ്ധതി. സർവേയിൽ 4.04 കി.മീ. നീളം വരും. ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ 36 ഹെക്ടർ സ്വകാര്യ ഭൂമി വേണം.
കുറഞ്ഞത് 250 കോടി രൂപ മതിപ്പ് ചെലവു കണക്കാക്കുന്ന പദ്ധതി രാഷ്ട്രീയ വടംവലിയിൽ 14 വർഷം മുടങ്ങി. പദ്ധതിമുടക്കത്തിന് പുതിയ കാരണം ഇത്രയേറെ ഫണ്ട് ചെലവിടാൻ സംസ്ഥാന സർക്കാറിന് നിർവാഹമില്ലെന്നാണ്. നൂറുകണക്കിന് വാഹനങ്ങൾ പോവുന്ന ദേശീയപാതയിൽ അങ്ങാടിപ്പുറം ടൗണിലെ റെയിൽവേ ക്രോസിങ് ഒഴിവാക്കാനായി അതിനു മുകളിൽ പാലം നിർമിച്ച് വാഹനങ്ങൾ കടത്തിവിടാൻ 2014ലാണ് പദ്ധതി പൂർത്തിയാക്കിയത്. മേൽപാലം വന്നിട്ടും കുരുക്ക് ഒഴിവാകുന്നില്ല.
ദേശീയപാതയിലൂടെ പോവേണ്ട ചരക്കുവാഹനങ്ങളും വലിയ ദീർഘദൂര വാഹനങ്ങളും അങ്ങാടിപ്പുറം പെരിന്തൽമണ്ണ ടൗണിലെത്താതെ പോവാനായി ബൈപാസ് വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയ സർവേയിൽ ബോധ്യപ്പെട്ടത്. പദ്ധതി കിഫ്ബിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കാൻ ആലോചനയും നടന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഇത്തരം ആലോചനപോലും ഇപ്പോൾ നടത്തുന്നില്ല.
നവകേരള സദസ്സിൽ വിഷയം സി.പി.എം തന്നെ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഗൗനിച്ചില്ല. സർക്കാർ തലത്തിൽ വിഷയം കൊണ്ടുവരാൻ രണ്ടു മണ്ഡലങ്ങളിലെയും എം.എൽ.എമാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല.
ഓരാടംപാലം ബൈപാസ്: സർക്കാർ നടപടിക്ക് തുടർച്ചയില്ല
പെരിന്തൽമണ്ണ: 2020ൽ അന്നത്തെ സ്പീക്കറും കലക്ടറുമടക്കം ബൈപാസ് നടപടികൾക്ക് വേഗംകൂട്ടാൻ എം.എൽ.എമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കും മറ്റും ആലോചന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി 2021ൽ പെരിന്തൽമണ്ണയിൽ എത്തിയ ഘട്ടത്തിൽ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെട്ടതാണ്.
4.04 കിലോമീറ്റര്‍ നീളത്തിലും 24 മീറ്റര്‍ വീതിയിലുമുള്ള ബൈപാസിന് 25 ഏക്കര്‍ ഭൂമി വേണമെന്നായിരുന്നു ആദ്യ സർവേ വിവരം. പദ്ധതിക്ക് 2010ല്‍ അംഗീകാരമായി സർവേ പൂര്‍ത്തിയാക്കി. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകള്‍ എല്‍.എ വിഭാഗം ശേഖരിച്ചു. വലമ്പൂർ ഏഴുകണ്ണിപ്പാലത്തിന് മുകളിൽ റെയിൽവേ മേൽപാലം വേണം. റെയിൽവേ മേൽപാലത്തിന് 18 കോടിയുടെ പദ്ധതിയും തയാറാക്കിയതാണ്. പദ്ധതിയുടെ സാധ്യത പഠിക്കാൻ രണ്ടു വർഷം മുമ്പ് കിഫ്ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടർനടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പുവേളകളിലാണ് പ്രധാനപ്പെട്ട വികസന പദ്ധതികൾ ചർച്ചകളിലെങ്കിലും നിറയാറ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അത്തരം ചർച്ചകളും ബൈപാസ് സംബന്ധിച്ച് ഇതുവരെ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.