ഏലംകുളം കൊലപാതകം: ഫോൺ വിശദാംശങ്ങൾ തേടി പൊലീസ്
text_fieldsപെരിന്തൽമണ്ണ: പ്രണയം നിഷേധിച്ചതിനെ തുടർന്ന് യുവതിയെ വീട്ടിൽകയറി കൊലപ്പെടുത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. കേസന്വേഷണത്തിെൻറ ഭാഗമായി സുപ്രധാന നടപടികളായ തെളിവുകൾ കണ്ടെടുക്കൽ പ്രതിയെ അറസ്റ്റ് ചെയ്ത ദിവസവും പിറ്റേന്നുമായി പൊലീസ് ഏറെ ജാഗ്രതയോടെ പൂർത്തിയാക്കിയിട്ടുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, ഫോൺ, ചെരിപ്പ് എന്നിവയാണ് കണ്ടെടുത്തത്. കൃത്യം നടന്ന് മുക്കാൽ മണിക്കൂറിനകം പ്രതിയെ പിടികൂടാനായതിനാൽ തെളിവുകളൊന്നും നശിപ്പിക്കാനായിട്ടില്ല.
കൊല്ലപ്പെട്ട എൽ.എൽ.ബി മൂന്നാം വർഷ വിദ്യാർഥിനി കൂടിയായ ഏലംകുളം കൂഴന്തറ ചെമ്മാട്ടുവീട്ടിൽ ദൃശ്യ (21) പ്രതി പെരിന്തൽമണ്ണയിൽ ബന്ധുവിനോടൊപ്പം താമസിച്ചു വന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് വിനോദ് (21) എന്നിവരുടെ മൊബൈൽ ഫോൺ വിളികളുെട വിശദാംശങ്ങൾക്കായി മൊബൈൽ സേവനദാതാക്കൾക്ക് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇരുവരുമുള്ള വാട്സ്ആപ് കൂട്ടായ്മയിൽനിന്ന് വിവരങ്ങൾ ലഭിക്കാനുണ്ട്.
യുവതിയുടെ അച്ഛെൻറ ഉടമസ്ഥതയിലുള്ള ഇരുനിലകളിലുള്ള വ്യാപാര കേന്ദ്രം ബുധനാഴ്ച രാത്രി 9.30ഒാടെ തീകൊളുത്തിയശേഷം ഏലംകുളത്ത് കൂഴന്തറയിലെത്തി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവം രണ്ട് എഫ്.ഐ.ആറിട്ടാണ് അന്വേഷിക്കുന്നത്.
കൊലപാതകം, കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ എന്നിവയാണ് പ്രധാന എഫ്.ഐ.ആറിൽ ചുമത്തിയ കുറ്റങ്ങൾ. കുറ്റകൃത്യങ്ങളിൽ വേറെയാരുടെയെങ്കിലും പങ്കില്ലാതെ നടത്താനാവില്ലെന്ന് ദൃശ്യയുടെ കുടുംബാംഗങ്ങൾ സംഭവദിവസംതന്നെ പ്രതികരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള അന്വേഷണത്തിൽ അക്കാര്യങ്ങളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.