കൊട്ടിക്കയറി ആവേശം
text_fieldsപെരിന്തൽമണ്ണ: പരസ്യ പ്രചാരണം കഴിഞ്ഞ അവസാന മണിക്കൂറിൽ ആവേശം കൊള്ളിച്ച് പെരിന്തൽമണ്ണ ടൗണിൽ ഇരുമുന്നണികളുടെയും കൊട്ടിക്കലാശം. ബാന്റുമേളവും ഡി.ജെ സൗണ്ടും വെടിക്കെട്ടും കൊട്ടിക്കലാശത്തിന് കൊഴുപ്പേകി. വൈകീട്ട് നാലുവരെ പെരിന്തൽമണ്ണ ടൗണിൽ നാലു റോഡുകളിലും സ്ഥാനാർഥികളുടെ ചിത്രങ്ങളും കട്ടൗട്ടുകളും വെച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും അനൗൺസ്മെന്റുമായി ഓടി.
നാലിന് ശേഷമാണ് യു.ഡി.എഫ് പ്രവർത്തകർ കോഴിക്കോട് റോഡിൽ മുസ്ലിം ലീഗ് ഓഫിസ് പരിസത്ത് തമ്പടിച്ച് പ്രകടനമായി ടൗണിലേക്ക് നീങ്ങിയത്. ട്രാഫിക് ജങ്ഷനിലേക്ക് നീങ്ങിയ ഇവരെ ടൗൺ സ്ക്വയറിന് സമീപം നിന്ന് മടങ്ങാൻ പൊലീസ് അഭ്യർഥിച്ചു. നജീബ് കാന്തപുരം എം.എൽ.എ സമാപന പ്രഭാഷണം നടത്തി. വൈകീട്ട് 5.10ഓടെ ഇത് അവസാനിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ മടങ്ങി. വൈകീട്ട് 4.30ഓടെ ട്രാഫിക് ജങ്ഷൻ വഴിയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ച് ബൈപ്പാസ് വഴി കടത്തി വിട്ടിരുന്നു. ട്രാഫിക് ജങ്ഷനിൽ റിസർവ്ഡ് പൊലീസ് സേന നിരന്നുനിന്നാണ് റോഡ് തടഞ്ഞത്.
എൽ.ഡി.എഫ് പ്രവർത്തകർ പട്ടാമ്പി റോഡിൽ സി.പി.എം ഓഫിസിന് സമീപം നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചും അവസാന മിനിറ്റുകൾ ആവേശക്കടൽ തീർത്തു. ഇവർ പ്രകടനമായി ട്രാഫിക് ജങ്ഷനിലേക്ക് നീങ്ങുന്നത് നിർത്താൻ പൊലീസ് നിർദേശിച്ചതോടെ ട്രാഫിക് ജങ്ഷന് സമീപം പട്ടാമ്പി റോഡിൽ തന്നെ നിന്ന് മുദ്രാവാക്യം വിളിച്ച് കൊടിവീശി. ബാന്റ് മേളവും ഇടക്ക് വെടിമരുന്നു പ്രയോഗവും നടന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ സമാപന പ്രഭാഷണം നിർവഹിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ച് 38 വോട്ടിന്റെ വ്യത്യാസത്തിൽ നിൽക്കുന്ന പെരിന്തൽമണ്ണ മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാനും പാർലമെന്റ് മണ്ഡലത്തിൽ വിജയക്കൊടി നാട്ടാനുമുള്ള പ്രവർത്തനങ്ങളാണ് ഒരു മാസത്തിലേറെയായി യു.ഡി.എഫ് പയറ്റുന്നത്.
എന്നാൽ, താഴേ തട്ടിലിറങ്ങിയുള്ള പ്രചാരണം മുന്നണിയിലും അണികളിലും വലിയ ആത്മവിശ്വാസം തീർത്ത ബലത്തിലാണ് എൽ.ഡി.എഫ്. പ്രചാരണ കലാശക്കൊട്ടിനു മുമ്പായി ഇടതുപക്ഷ പ്രവർത്തകരായ വനിതകളുടെ സ്കൂട്ടർ റാലിയും ശ്രദ്ധേയമായി. പെരിന്തൽമണ്ണ ജില്ല ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച് ടൗൺ ചുറ്റി പട്ടാമ്പി റോഡിൽ സി.പി.എം ഓഫിസ് പരിസരത്ത് സമാപിച്ചു. നിഷി അനിൽ രാജ്, എ. നസീറ, ടി.പി. സുമ, വിനോദിനി എന്നിവർ നേതൃത്വം നൽകി.
പുലാമന്തോൾ: ഇടത്-വലത് മുന്നണി അണികളിൽ ആവേശംതീർത്ത് പുലാമന്തോളിൽ കലാശക്കൊട്ട്. വൈകീട്ട് നാലു മുതൽ അനൗൺസ്മെന്റ് വാഹനങ്ങൾ ടൗൺ ജങ്ഷനിലെത്തി. കൂടെ ഇരുമുന്നണി പ്രവർത്തകരും എത്തിത്തുടങ്ങി. അഞ്ചു മണി മുതൽ ഇരുഭാഗത്തും വാശിയേറിയ പ്രഭാഷണങ്ങൾ.
രണ്ടും കേന്ദ്രം ഭരിക്കുന്ന മോദി-അമിത് ഷാമാർക്കും ബി.ജെ.പിക്കുമെതിരെ. കൂടാതെ ഇടത് മുന്നണി സംഘടിപ്പിച്ച വാദ്യഘോഷങ്ങൾ അണികളിൽ ആവേശം പകർന്നു. ഇതിനിടെ ഇരുമുന്നണി പ്രവർത്തകരും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫയുടെ അവസരോചിത ഇടപെടലിൽ ഒഴിവാക്കാനായി. വാഹന ഗതാഗത നിയന്ത്രണങ്ങൾ ഇരുഭാഗത്തെയും പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. കൃത്യം ആറിന് തന്നെ കലാശക്കൊട്ടിന് തിരശീല വീണു. കൊട്ടിക്കലാശത്തിൽനിന്ന് ബി.ജെ.പി വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.