പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പ്രവർത്തനസജ്ജം
text_fieldsപെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അനർട്ട് സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ രണ്ടു വർഷത്തിന് ശേഷം ഉദ്ഘാടനത്തിനൊരുങ്ങി. 24ന് രാവിലെ 10ന് വൈദ്യുതി മന്ത്രി. കെ കൃഷ്ണൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. അനർട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ.വി ചാർജിങ് സ്റ്റേഷനാണിത്. 60 കിലോവാട്ട്, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ മെഷീനിലുണ്ട്.
കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗൺ. ഭാവിയിലെ മാറ്റംകൂടി ഉൾക്കൊള്ളാൻ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങ്ങിനു 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂനിറ്റിന് 13 രൂപയും ജി.എസ്.ടിയും നൽകണം. ആപ്പ് വഴി പണമടക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല. ജില്ലയിലെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും പൊതു ചാർജിങ് സ്റ്റേഷൻ ഗുണകരമാകും.
പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് അനർട്ട്. ബസ് സ്റ്റാൻഡിൽ തെക്ക് ഭാഗത്ത് പ്രവേശനകവാടത്തിനരികിൽ 12x 8 മീ വിസ്തൃതിയിലുള്ള സ്ഥലമാണ് നഗരസഭ വാടകക്ക് നൽകിയത്.
ഇവിടെയെത്തി വാഹനങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിക്കനുസരിച്ച് യൂനിറ്റിന് 70 പൈസ എന്ന തോതിൽ നഗരസഭക്ക് വാടക ലഭിക്കും. കെട്ടിടം വിട്ടുനൽകുന്നതോടൊപ്പം നഗരസഭ എൻ.ഒ.സിയും നൽകി. സംസ്ഥാനത്ത് വൻകിട, ഇടത്തരം നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിശ്ചയിച്ചത്. എന്നാൽ, നിർമാണം പൂർത്തിയായി രണ്ടുവർഷം ഒന്നും ചെയ്യാതെയിട്ടാണ് ഇപ്പോൾ തുറക്കുന്നത്. വൈദ്യുതി വാഹനങ്ങൾ വ്യാപകമാവുന്നതോടെ നഗരസഭക്ക് വാടകയിനത്തിലും വരുമാനമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.