ഒമ്പത് പഞ്ചായത്തുകളിൽ പരിസ്ഥിതിലോല മേഖല; അഭിപ്രായമറിയിക്കാൻ പ്രായോഗിക പരിശീലനം
text_fieldsപെരിന്തൽമണ്ണ: പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇ.എസ്.എ) അതിർത്തി നിശ്ചയിച്ച കരട് റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും സമിതി അംഗങ്ങൾക്കും 20ന് പ്രായോഗിക പരിശീലനം. റിപ്പോർട്ടിലെ സാങ്കേതിക വശം പരിശോധിക്കാനും അഭിപ്രായം അറിയിക്കാനുമുള്ള സംശയ നിവാരണത്തിനാണ് ജില്ല തദ്ദേശ വകുപ്പ് ആസ്ഥാനത്ത് ചർച്ച.
ഇ.എസ്.എ പരിധിയിൽ വരുന്നതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. അന്തിമ വിജ്ഞാപനം വന്നാൽ മാറ്റം എളുപ്പം സാധ്യമാവില്ല. കരട് റിപ്പോർട്ടും മാപ്പും പരിശോധിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും അതത് വില്ലേജ് ഓഫിസർമാരുമടങ്ങുന്ന സമിതികളാണ്. ഇതിനായി പഞ്ചായത്തുകൾ മുൻകൈയെടുത്ത് യോഗം ചേർന്ന് അന്തിമ നിർദേശം ഓരോ പഞ്ചായത്തുകളിൽനിന്നും സർക്കാറിന് ലഭിക്കണം. ഇതാണ് സംസ്ഥാന സർക്കാർ പരിശോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറുക. കരട് റിപ്പോർട്ടിലും മാപ്പിലും ഉൾപ്പെട്ട ഭാഗങ്ങൾ നീക്കാൻ കൃത്യമായ കാരണങ്ങളും ബോധിപ്പിക്കണം. ഇത് എങ്ങനെ പരിശോധിക്കാമെന്നതിന്റെ പ്രായോഗിക പരിശീലനം കൂടിയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുക. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പിലെ സയന്റിസ്റ്റ് ഡോ.ജൂഡ് ഇമ്മാനുവൽ മാർഗനിർദേശങ്ങൾ നൽകും.
ജില്ലയിൽ നിലമ്പൂർ താലൂക്കിലെ ചാലിയാർ, അമരമ്പലം, ചോക്കാട്, കാളികാവ്, കരുളായി, കരുവാരകുണ്ട്, ചുങ്കത്തറ, പോത്തുകൽ, വഴിക്കടവ് എന്നീ ഒമ്പത് പഞ്ചായത്തുകളിലെ 14 വില്ലേജുകൾ പട്ടികയിലുണ്ട്. 2018ൽ കേന്ദ്ര സർക്കാറിന് സമർപ്പിച്ച സംസ്ഥാനത്തെ 92 വില്ലേജുകളുടെ അതിർത്തി നിശ്ചയിച്ചതിൽ അപാകത ഉള്ളതായും ജനവാസ മേഖലകൾ, സമ്മിശ്ര കൃഷിയിടങ്ങൾ, തോട്ട ഭൂമികൾ എന്നിവ ഉൾപ്പെട്ടതായും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 2022 മേയ് 24ന് വിലയിരുത്തിയിരുന്നു. ജില്ലതല സൂക്ഷ്മ പരിശോധന സമിതികൾ തയാറാക്കിയ വിവരങ്ങൾ ക്രോഡീകരിച്ച് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടർ തയാറാക്കിയ കരട് റിപ്പോർട്ടിലാണ് 25നകം അഭിപ്രായം അറിയിക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.