പെരിന്തൽമണ്ണയിൽ ഇ.ടിയുടെ ഭൂരിപക്ഷം 26,799
text_fieldsപെരിന്തൽമണ്ണ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഫോട്ടോഫിനിഷിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം. മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും ഈ മികവ് പ്രകടമായി. 26,799 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തൽമണ്ണ മണ്ഡലത്തിൽ മാത്രം. കൃത്യം മൂന്നു വർഷം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേവലം 38 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വിജയിച്ച നജീബ് കാന്തപുരത്തിന്. കോവിഡ് കാലത്തെ സ്പെഷൽ തപാൽ വോട്ടിൽ സാധുവായ 348 വോട്ടുകൾ എണ്ണിയില്ലെന്ന് എതിർ സ്ഥാനാർഥി കെ.പി.എം മുസ്തഫ പരാതി ഉന്നയിക്കുകയും വിഷയം കോടതി കയറുകയും ചെയ്തു. ഈ ഹരജി ഇപ്പോഴും ഹൈകോടതിയുടെ തീർപ്പ് കാത്ത് കിടക്കുകയാണ്.
മണ്ഡലത്തിൽ പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, മേലാറ്റൂർ, താഴേക്കോട് എന്നീ പഞ്ചായത്തുകളും ഇടതുപക്ഷവും ഏലംകുളം, ആലിപ്പറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു. സി.പി.എം ഭരിക്കുന്ന താഴേക്കോട് പഞ്ചായത്തിൽ 6366 വോട്ടും പുലാമന്തോളിൽ 2442 വോട്ടും പെരിന്തൽമണ്ണ നഗരസഭയിൽ 2388 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ഇ.ടിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
ലീഗിനെ എക്കാലത്തും പിന്തുണക്കുന്ന ആലിപ്പറമ്പിൽ 6162 വോട്ടാണ് ഇ.ടിയുടെ ഭൂരിപക്ഷം. പാരമ്പര്യമായി സി.പി.എം ഭരിച്ചുവന്ന ഏലംകുളം പഞ്ചായത്തിൽ 1029 വോട്ടാണ് യു.ഡി.എഫ് ലീഡ്. കടുത്ത മത്സരം നടന്ന 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏലംകുളത്ത് ഇടതുപക്ഷത്തിന് 1800 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വെട്ടത്തൂരിൽ 4653 വോട്ടും മേലാറ്റൂരിൽ 3759 വോട്ടും യു.ഡി.എഫിന് ലീഡുണ്ട്. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തമ്മിൽ രാഷ്ട്രീയമായി ശരാശരി 5,000 വോട്ടിന്റെ വ്യത്യാസമാണ് മണ്ഡലത്തിലെന്നാണ് കണക്കാക്കുന്നത്. എന്നിട്ടും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കേവലം 38 വോട്ടായി. 2016ൽ നിയമസഭ തെരഞ്ഞെുപ്പിൽ കനത്ത പോരാട്ടത്തിൽ 70,990 വോട്ട് മഞ്ഞളാംകുഴി അലിയും 70,411 വോട്ട് വി.ശശികുമാറും നേടി മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579 ൽ ഒതുങ്ങി.
അതേസമയം, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി 79,867 വോട്ട് നേടിയപ്പോൾ സി.പി.എമ്മിലെ വി.പി. സാനുവിന് ലഭിച്ചത് 56,829 വോട്ടാണ്.
അത് ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീറിന് 85,319, വി.വസീഫിന് 58,520, എൻ.ഡി.എ സ്ഥാനാർഥി ഡോ.അബ്ദുൽ സലാമിന് 10,486 എന്നിങ്ങനെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.