സാമ്പത്തിക ഞെരുക്കം: പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ പദ്ധതികൾക്ക് തടസ്സം
text_fieldsപെരിന്തൽമണ്ണ: കോവിഡും തുടർന്നുള്ള സാമ്പത്തിക ഞെരുക്കവും പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ വികസന പദ്ധതികൾക്ക് തടസ്സമാകുന്നു. വസ്തുനികുതിയും നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയും മാത്രം ചേർത്തുവെച്ച് ഇതുവരെ അല്ലലില്ലാതെ മുന്നോട്ടുപോയിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇതിനെല്ലാം ഉലച്ചിൽ തട്ടി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നേടത്തു നിന്ന് തുടങ്ങി സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടുന്നിടത്ത് വരെയെത്തി കാര്യങ്ങൾ.
വരുമാനക്കണക്ക് ഏറെ വലുത്
പാർപ്പിടാവശ്യങ്ങൾക്ക് 19,120 കെട്ടിടങ്ങളും കച്ചവടാവശ്യങ്ങൾക്കായി 10,075 കെട്ടിടങ്ങളുമാണ് നഗരസഭയിലുള്ളത്. 4.14 കോടി രൂപയാണ് കെട്ടിട നികുതി വരുമാനത്തിലൂടെ വർഷം പിരിഞ്ഞുകിട്ടേണ്ടത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ കെട്ടിട നികുതി ഇനത്തിൽ പിരിഞ്ഞു കിട്ടിയത് 3.85 കോടിയാണ്. ഒരു വർഷം മാത്രം 30.7 ലക്ഷം രൂപയുടെ കുറവ്. ഈ തുക വരുംവർഷങ്ങളിൽ പിരിച്ചെടുക്കാമെങ്കിലും സമ്പൂർണ നികുതിപിരിവിന് സർക്കാർ ഒട്ടേറെ ഇളവ് പ്രഖ്യാപിച്ച് നടപടികൾ നിർദേശിച്ചത് താഴേ തട്ടിൽ നടപ്പായിട്ടില്ല. നഗരസഭക്ക് കെട്ടിടനികുതി വരുമാനത്തിന് പുറമെ സ്വന്തം കെട്ടിടങ്ങളുടെ വാടകയിനത്തിലും വരുമാനമുണ്ട്. അഞ്ച് കോംപ്ലക്സുകളിൽ 28 മുറികൾ മാത്രമാണ് ഇപ്പോഴും വാടകക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്. 10.09 ലക്ഷം രൂപയാണ് ഒരു വർഷം കെട്ടിടവാടകയായി പിരിഞ്ഞുകിട്ടേണ്ടത്.
ശമ്പളം നൽകാൻ മാത്രം മാസം 40.57 ലക്ഷം
സ്ഥിരം ജീവനക്കാരായ 73 പേർക്ക് ശമ്പളം നൽകാൻ 36.57 ലക്ഷവും താൽക്കാലികക്കാരായ 16 പേർക്ക് നാലു ലക്ഷവും വേണം. സാമ്പത്തിക പ്രതിസന്ധി കാരണം കോവിഡ് കാലത്ത് ജീവനക്കാർക്ക് ശമ്പളം വൈകുകയും പല ഗഡുക്കളായി ശമ്പളം നൽകേണ്ടി വരികയും ചെയ്തു. ജനുവരി ഒന്നു മുതൽ ഒമ്പത് സെക്യൂരിറ്റി ജീവനക്കാരിൽ ആറുപേരെ പിരിച്ചുവിടാൻ നഗരസഭ നിർബന്ധിതരായി. ചെലവ് കുറക്കാൻ കൗൺസിലർമാർക്ക് ലെറ്റർ ഹെഡ് നഗരസഭയുടെ ചെലവിൽ അച്ചടിച്ചു നൽകിയിരുന്നത് വരെ ഏതാനും മാസം മുമ്പ് നിർത്തി.
വരുമാനത്തിൽ ഏറെ മുന്നിൽ, എന്നിട്ടും
ജില്ലയിൽ വലുപ്പം കൊണ്ട് താരതമ്യേന ചെറുതാണെങ്കിലും വരുമാനം കൊണ്ട് ഒന്നാം സ്ഥാനത്താണ് പെരിന്തൽമണ്ണ നഗരസഭ. 34 ഡിവിഷനുകളാണുള്ളത്. 1995ൽ നഗരസഭയായത് മുതൽ ഭരിച്ചുവരുന്നത് സി.പി.എമ്മാണ്. ഏറ്റവും കൂടുതൽ വികസന പദ്ധതികൾ വന്നത് 2015 മുതൽ 2020 വരെയുള്ള കാലത്താണ്. 500 കോടിക്കടുത്ത് ഈ അഞ്ച് വർഷം ചെലവിട്ടതായാണ് കണക്ക്.
പദ്ധതി വിഹിതത്തിന്റെ എത്രയോ മടങ്ങാണ് ഈ തുക. 2019-20 വർഷം സർക്കാർ നൽകിയ പദ്ധതി വിഹിതം 12.62 കോടിയും അറ്റകുറ്റപ്പണി ഗ്രാൻറ് 2.48 കോടിയുമടക്കം 15.1 കോടിയാണ്. 2020-21 വർഷത്തിൽ ഇത് പദ്ധതി വിഹിതം 16.89 കോടിയും മെയിൻറനൻസ് ഗ്രാൻറ് 2.67 കോടിയും ചേർത്ത് 19.57 കോടിയാണ് ലഭിച്ചത്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ ഓരോ വർഷവും നഗരസഭ ചെലവിട്ടതാവട്ടെ ഇതിന്റെയെല്ലാം എത്രയോ മടങ്ങാണ്. സാമ്പത്തികഞെരുക്കം കാരണം റോഡ് അറ്റകുറ്റപ്പണികൾ, ചെറുകിട കുടിവെള്ളപദ്ധതി, പൊതു സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം, പട്ടികജാതി-പട്ടിക വർഗ കോളനികളുടെ വികസനം എന്നീ ഇനത്തിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.