കള്ളക്കടത്ത് സ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. മങ്കട കൂട്ടിൽ നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം ചേലാതടത്തിൽ അബ്ദുൽ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ (26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ (32), മങ്കരത്തൊടി അബ്ദുൽ സത്താർ (26) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, മങ്കട ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 28ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. അതിരാവിലെ ടിപ്പർ ലോറിയിൽ ക്വാറിയിലേക്ക് പോകുംവഴി വടക്കാങ്ങര റോഡിൽ ഇന്നോവ കാർ കുറുകെയിട്ട് ആറംഗസംഘം ബലമായി പിടിച്ചു കാറിൽ കൊണ്ടുപോയതായാണ് പരാതി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ രാത്രി 11ഓടെ യുവാവിനെ വളാഞ്ചേരി ടൗണിൽ ഇറക്കിവിട്ടു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷൻ സംഘത്തിെൻറ വധഭീഷണിയെ തുടർന്ന് കൂടുതൽ വിവരങ്ങൾ പൊലീസിനോട് പറയാൻ തയാറായില്ല. തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി, മങ്കട ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യ സൂത്രധാരനും മങ്കട സ്റ്റേഷൻ പരിധിയിൽ നടന്ന സദാചാര കൊലപാതകക്കേസിലെ പ്രതിയുമായ ഷറഫുദ്ദീൻ അടക്കം അഞ്ചുപേരെക്കുറിച്ച് സൂചന ലഭിച്ചു. അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. കൂടുതൽ അന്വേഷണം നടത്താനും ചോദ്യം ചെയ്യാനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിെൻറ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മങ്കട സബ് ഇൻസ്പെക്ടർ മാത്യു, എ.എസ്.ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, സഞ്ജീവ്, പ്രശാന്ത്, മനോജ്കുമാർ, മങ്കട സ്റ്റേഷനിലെ വിനോദ്, ബൈജു കുര്യാക്കോസ്, അബ്ദുൽ സലാം, ബിന്ദു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.