അങ്ങാടിപ്പുറം സ്റ്റേഷനിൽ ഫൂട്ട്ഓവർ ബ്രിഡ്ജ് ആറുമാസത്തിനകം
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെയും നിലവിൽ പ്രവൃത്തി നടക്കുന്ന പദ്ധതി പരിശോധനയുടെയും ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷൻ എ.ഡി.ആർ.എം ജയകൃഷ്ണൻ സന്ദർശനം നടത്തി.
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് മേൽപ്പാലം കയറാതെ എത്താവുന്നവിധം അങ്ങാടിപ്പുറത്ത് നിലവിലെ എഫ്.സി.ഐ റോഡ് നവീകരണം പരിഗണനയിലാണ്. വെയർഹൗസിന് മുന്നിൽ രണ്ടാമതൊരു പാർക്കിങ് ഏരിയ കൂടി നിർമിക്കുന്നതിന്റെയും രണ്ടാംനമ്പർ പ്ലാറ്റ് ഫോമിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് മേൽപാലം പണിയുന്നതിന്റെയും പ്രവൃത്തികൾ ഉടൻ ആരംഭിക്കും. നടപ്പാത രൂപത്തിലുള്ള മേൽപ്പാലം (ഫൂട്ട്ഓവർ ബ്രിഡ്ജ്) ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നും നിർമാണം തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും പോളിടെക്നിക് കോളജിലും അദ്ദേഹം സന്ദർശിച്ചു. എഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേയുടെ മേൽനോട്ടത്തിൽ അണ്ടർപാസിന് അനുമതിയായതാണ് പുതിയ പദ്ധതി. ഇത് ഒരുമാസം കൊണ്ട് പൂർത്തിയാക്കും.
നേരിയ സമയവ്യത്യാസമുള്ളതിനെ തുടർന്ന് നിലമ്പൂരിലേക്കുള്ള ട്രെയിനിൽ ഓടിക്കയറിയ ഹൃദ്രോഗിയായ യുവാവ് ബുധനാഴ്ച കുഴഞ്ഞു വീണ് മരിച്ചിരുന്നു. വിഷയം റെയിൽവേയുടെ ശ്രദ്ധയിലുണ്ടെന്നും രണ്ടു വണ്ടിയുടെയും ക്രോസിങ് അഡ്ജസ്റ്റ് ചെയ്യണമെന്നും എ.ഡി.ആർ.എം പറഞ്ഞു. അങ്ങാടിപ്പുറത്തും വാണിയമ്പലത്തുമാണിപ്പോൾ ഈ പാതയിൽ ക്രോസിങ് സ്റ്റേഷൻ.
അതിനുപുറമെ കുലുക്കല്ലൂരും മേലാറ്റൂരും പുതിയ ക്രോസിങ് സ്റ്റേഷൻ സ്ഥാപിക്കും. ഇവ വരുന്നതോടെ ഇത്തരം കാര്യങ്ങൾക്ക് പരിഹാരമാവും. ഷൊർണൂരിൽനിന്നുള്ള അവസാന വണ്ടിയുടെ കാര്യത്തിൽ അതിനുമുമ്പു തന്നെ പരിഹാരം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1981 മുതൽ 84 വരെ അങ്ങാടിപ്പുറം പോളിടെക്നിക് കോളജിൽ വിദ്യാർഥിയായിരുന്നു എ.ഡി.ആർ.എം. പ്രിൻസിപ്പൽ ഇൻചാർജ് സതീഷ്കുമാർ, എം. ഷാഹുൽഹമീദ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.