പാതിവഴിയിൽ നാലുവർഷം; ആയുർവേദ ആശുപത്രിയും ടൗൺഹാളും പൂർത്തിയാക്കാൻ വഴിയൊരുങ്ങി
text_fieldsപെരിന്തൽമണ്ണ: നാലുവർഷം മുമ്പ് തുടങ്ങിവെച്ച് തൂണുകളിൽ ഒതുങ്ങി നിൽക്കുന്ന പെരിന്തൽമണ്ണ നഗരസഭയുടെ രണ്ട് പ്രധാനപ്പെട്ട വികസന പദ്ധതികൾ പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു. അഞ്ചു കോടി രൂപ ചെലവിൽ ചോലാംകുന്നിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയും ഏഴു കോടി ചെലവിൽ പൂർത്തിയാക്കേണ്ട ടൗൺ ഹാളുമാണവ. നിർമാണം തുടങ്ങി നാലുവർഷമായി രണ്ടു പദ്ധതികളും പാതിവഴിയിലാണ്.
ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കാനായി 30 കോടി രൂപ വായ്പയെടുക്കാൻ അനുമതി തേടിയത് ഈ പദ്ധതികൾ കൂടി പൂർത്തിയാക്കാനാണ്. രണ്ടു പദ്ധതികളും പുതിയ എസ്റ്റിമേറ്റിൽ പുനരാരംഭിക്കുമ്പോൾ നേരത്തെ കണക്കാക്കിയതിനേക്കാൾ പണം വേണ്ടിവരും.
ടൗൺ ഹാൾ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച് രണ്ടുനില കെട്ടിടത്തിന്റ പ്രാഥമിക രൂപമായി. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് രണ്ടു പദ്ധതികൾക്കും ആരംഭം കുറിച്ചത്. പണമില്ലാതെ രണ്ടും മുടങ്ങി. നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ നാലു വർഷത്തിലേറെയായി സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പഴയ മൂസക്കുട്ടി സ്മാരക ടൗൺഹാൾ കാലപ്പഴക്കം കാരണം 2019 ലാണ് പൊളിച്ച് ഏഴുകോടിയിൽ നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്. പണമില്ലാതെ മുടങ്ങിയതാണ്. കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ നേരത്തെ നരഗസഭക്കെതിരെ നിയമ നടപടി തുടങ്ങിയിരുന്നു.
ചോലോംകുന്നിൽ നഗരസഭ ഉടമസ്ഥതയിലുള്ള അരയേക്കറിൽ നാലു വർഷം മുമ്പ് നിർമാണം തുടങ്ങിയ ഗവ. ആയുർവേദ ആശുപത്രി ഏതാനും തൂണുകളിൽ നിൽക്കുകയാണ്. അഞ്ചു കോടിയിൽ 75 ലക്ഷം ദേശീയ ആയുഷ് മിഷൻ വിഹിതവും ബാക്കി നഗരസഭ ഫണ്ടും ഉപയോഗിക്കാനായിരുന്നു തീരുമാനം. നാലുമാസം കൊണ്ടു തീർക്കാൻ ലക്ഷ്യമിട്ട് പ്രീ ഫാബ് സാങ്കേതിക വിദ്യയിൽ പൊതുമേഖല കമ്പനിയായ എഫ്.എ.സി.ടി.ആർ സി.എഫ് ആണ് നിർമ്മാണം തുടങ്ങിയത്. നാലു മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത് പണണില്ലാതെ മുടങ്ങി നാലുവർഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.