സ്കൂൾമുറ്റം നിറഞ്ഞ് ഗാന്ധി; വ്യത്യസ്തം ഈ റിപ്പബ്ലിക് ദിനാഘോഷം
text_fieldsപെരിന്തൽമണ്ണ: വിശാലമായ മുറ്റത്ത് രാഷ്ട്രപിതാവിന്റെ സ്മരണ നിറച്ച് പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 73ാമത് റിപ്പബ്ലിക് ദിനം വേറിട്ടതാക്കി.
സ്കൂളിലെ ചിത്രകല അധ്യാപകൻ സജി ചെറുകരയും ചിത്രകല വിദഗ്ധരായ വിദ്യാർഥികളും ചേർന്നാണ് ഗാന്ധിജിയുടെ വലിയ വെക്ടർ ആർട്ട് പോർട്രൈറ്റിന് രൂപം നൽകിയത്. സ്കൂൾ കോമ്പൗണ്ടിൽ പ്രധാന ബ്ലോക്കുകൾക്ക് നടുവിൽ വിസ്തൃതമായ കളിമുറ്റത്താണ് കൂറ്റൻ നിശ്ചല ചിത്രം തെളിഞ്ഞത്. ആറ് ചതുരശ്ര അടിയുള്ള ആയിരം ചാർട്ട് പേപ്പർ കൊണ്ടാണ് 6000 ചതുരശ്ര അടിയിൽ ചിത്രമൊരുക്കിയത്. രണ്ട് കളർ ഉപയോഗപ്പെടുത്തി ഇത്ര വലുപ്പത്തിൽ ഗാന്ധിജിയുടെ ചിത്രം വരക്കുന്നത് ഏഷ്യയിൽതന്നെ ആദ്യമാണ്.
25 വർഷമായി ചിത്രകല അധ്യാപകനായ ചെറുകരയിലെ വട്ടമണ്ണത്തൊടി സജി മുമ്പ് ജോലി ചെയ്ത സ്കൂളുകളിലും ഗാന്ധിജിയുടെ പത്തടിയോളമുള്ള ഛായാചിത്രങ്ങൾ വരച്ചിട്ടുണ്ട്. കുട്ടികളിലെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുന്നതിനും 72ാമത് റിപ്പബ്ലിക് ദിന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും വേണ്ടിയാണ് രാഷ്ട്രപിതാവിന്റെ കൂറ്റൻ ചിത്രം തയാറാക്കിയത്.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. സന്തോഷ് കുമാർ ചിത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ചിത്രങ്ങൾ വിന്യസിക്കുന്നതിന് സഹായിച്ചു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ സജി ചെറുകരയെ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.പി. ഹരികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കെ. അശ്വിനികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.