സ്വർണക്കടത്ത്: യുവാവിനെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മങ്കടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. വയനാട് കല്ലുവയൽ കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ പുല്ലൂർകുടിയിൽ പ്രവീൺ (26), അമ്പലവയൽ സ്വദേശി പ്ലാവിൽ വീട്ടിൽ വിജേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 28ന് പുലർച്ച മങ്കട വടക്കാങ്ങര റോഡിൽ ടിപ്പർ ലോറിക്ക് മുമ്പിൽ കാർ വിലങ്ങിട്ട് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരാണിവർ.
പ്രവീൺ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി 700 ഗ്രാം സ്വർണം കവർന്ന കേസിലും കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. വിജേഷിെൻറ പേരിൽ അടിപിടിക്കേസ് നിലവിലുണ്ട്.
സംഭവത്തിൽ അഞ്ചുപേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണം കാരിയർമാരെ തട്ടിക്കൊണ്ടുപോയി വിമാനത്താവളത്തിലോ വഴിയിലോ കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.കെ. ദേവസ്യ, മങ്കട ഇൻസ്പെക്ടർ എൻ. പ്രജീഷ്, സബ് ഇൻസ്പെക്ടർ മാത്യു, എ.എസ്.ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, വിനോദ്, ബിന്ദു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അയച്ചവരും കിട്ടിയവരും പിടിയിലായില്ല
പെരിന്തൽമണ്ണ: മങ്കട വടക്കാങ്ങരയിൽ മാർച്ച് 28ന് പുലർച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യഥാർഥ പ്രതികൾ ഇപ്പോഴും ഇരുട്ടിൽ. ഗൾഫിൽ നിന്നയച്ച കള്ളക്കടത്ത് സ്വർണം നഷ്ടപ്പെട്ടെന്നും വേറെയാരോ തട്ടിയെടുത്തെന്നുമാണ് അയച്ചവരുടെ പരാതി.
സ്വർണം തട്ടിയെടുത്തയാളെ കിട്ടാനാണ് ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചതും തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതും. വടക്കാങ്ങരയിൽ പുലർച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി രാത്രി 11ഒാടെ വളാഞ്ചേരി ടൗണിൽ ഇറക്കിവിട്ടു. ഇതിന് സഹായം ചെയ്തവരും കാറിലുണ്ടായിരുന്നവരുമാണ് അറസ്റ്റിലായ ഏഴുപേർ. എസ്.പിയും ഡിവൈ.എസ്.പിയും അടക്കമുള്ളവരാണ് അന്വേഷിക്കുന്നത്. സ്വർണം ആര് തട്ടിയെടുത്തെന്നോ ആരാണയച്ചതെന്നോ ഉള്ള കാര്യം ഇപ്പോഴും ലഭിച്ചിട്ടില്ല.
ദൃക്സാക്ഷികളിൽനിന്നും സി.സി.ടി.വികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.