വീടെന്ന സ്വപ്നം ബാക്കി; പാണമ്പിയിലെ ആദിവാസികൾ ഉദ്യോഗസ്ഥ അനാസ്ഥയുടെ ഇര
text_fieldsപെരിന്തൽമണ്ണ: പാണമ്പി ഇടിഞ്ഞാടിയിലെ ഒമ്പത് ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യം ഈ പ്രളയകാലത്തും ചർച്ച. ഒാരോ കാലവർഷക്കെടുതിയിലും ഇവിടത്തെ പാവപ്പെട്ട കുടുംബങ്ങളുടെ കാര്യങ്ങൾ റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥരുടെ മുഖ്യപരിഗണനയിൽ വരാറുള്ളത് പിന്നീട് തന്ത്രപൂർവം വിസ്മരിക്കാറാണ്. മൂന്നുപതിറ്റാണ്ടായി ഈ മലമേട്ടിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയും ഒാലമെടൽ ചാരിവെച്ചും താൽക്കാലിക ഷെഡിൽ കുടുംബങ്ങൾ കഴിയുന്നു.
വീടുനിർമാണത്തിന് ഒരുമിച്ച് ഭൂമി വാങ്ങി ഇത്രയും കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ജില്ല ഭരണകൂടം ഒരുഘട്ടത്തിൽ ആലോചിച്ചത്. ഇതിനായി സർക്കാർ ഫണ്ടും ലഭ്യമാക്കി. അനുയോജ്യമായ ഭൂമി അന്വേഷിക്കുന്നെന്നാണ് ഒരുവർഷം മുമ്പ് പെരിന്തൽമണ്ണ സബ് കലക്ടർ അറിയിച്ചത്. ഇപ്പോഴും ഭൂമി കണ്ടെത്താനായിട്ടില്ല. മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ തൊട്ടടുത്തുള്ള പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ 680 കുടുംബങ്ങൾക്കാണ് വീടുയരുന്നത്. ഒരുവർഷത്തിനിടെ പകുതിയോളം പൂർത്തിയായി.
പണം ഗുണഭോക്താക്കൾക്ക് നൽകാതെ നഗരസഭ വീടുനിർമിച്ച് കൈമാറുകയാണ്. ലൈഫ് പദ്ധതിയിൽതന്നെ ഭൂമി ലഭ്യമാക്കാനും വീടുനിർമിച്ചു നൽകാനും താഴേക്കോട് പഞ്ചായത്തിനുമേൽ സമ്മർദമുണ്ടായിരുന്നെങ്കിലും ആദിവാസി കുടുംബങ്ങളുടെ കാര്യംകാലങ്ങളായി വിസ്മരിക്കുകയാണ്. അധികൃതരുടെ അവഗണന തിരിച്ചറിഞ്ഞാണ് കനത്ത മഴയും ഉരുൾപൊട്ടൽ സാധ്യതയും കാരണം ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനെത്തിയ അധികൃതരോട് മലയിറങ്ങില്ലെന്ന് കുടുംബങ്ങൾ ആദ്യം അറിയിച്ചത്. മൂന്നുദിവസംമുമ്പ് പാണമ്പി എം.ജെ അക്കാദമിയിലേക്ക് മാറ്റിപ്പാർപ്പിച്ച ചോർന്നൊലിക്കാത്ത താൽക്കാലിക കേന്ദ്രത്തിൽ ഏതാനും ദിവസം കഴിഞ്ഞുകൂടി വീണ്ടും മല കയറി പഴയ ഷെഡുകളിലേക്ക് തന്നെയാണ് പോവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.