വാർഷിക വിഹിതത്തിൽ വൻ കുറവ്: 86 നഗരസഭകൾ പദ്ധതി
text_fieldsപെരിന്തൽമണ്ണ: വികസന ഫണ്ടിലും മെയിന്റനൻസ് ഗ്രാൻറിലും വലിയ ഏറ്റക്കുറച്ചിൽ വന്നതോടെ വാർഷിക വിഹിതം കുറവുള്ള സംസ്ഥാനത്ത് 86 നഗരസഭകൾ പദ്ധതി പുനഃക്രമീകരിക്കുന്ന തിരക്കിൽ. മലപ്പുറം ഒഴികെയുള്ള നഗരസഭകൾക്ക് മുൻ വർഷത്തെ അപേക്ഷിച്ച് വിഹിതം കുറവും ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾക്കും കോർപറേഷനുകൾക്കും വിഹിതം കൂടുതലുമാണ്.
അധിക വിഹിതം ലഭിക്കുമ്പോൾ പദ്ധതികളിൽ മാറ്റംവരുത്തുന്നത് എളുപ്പത്തിൽ നടക്കുമെങ്കിലും വിഹിതം വെട്ടിക്കുറക്കുമ്പോൾ സമ്പൂർണ വാർഷിക പദ്ധതി തയാറാക്കുന്ന പണികളാണ് വേണ്ടത്. ആസ്തികളുടെ സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനമാക്കി റോഡ്, റോഡിതരം മെയിന്റനൻസ് ഫണ്ടുകൾ അനുവദിക്കുന്നതിന് ധനകാര്യ കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. 21 -22 മുതൽ നടപ്പാക്കാൻ നിശ്ചയിച്ചതാണിത്.
സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നത് പൂർത്തിയാവാത്തതിനാൽ ഫണ്ടിന്‍റെ മൂന്നിലൊന്ന് തുക നൽകാനും തൽക്കാലം വാർഷിക പദ്ധതി, തൊട്ടുമുമ്പുള്ള 2020 -21 വർഷത്തെ ഫണ്ടിന് സമാനമായി തയാറാക്കാനും നിർദേശിച്ചിരുന്നു. 2020 -22 വർഷത്തെ മെയിന്റനൻസ് ഫണ്ട് 3168.43 കോടിയാണ് ബജറ്റിൽ പരാമർശിച്ചതെങ്കിലും ഇതിന്‍റെ മൂന്നിലൊന്നാണ് വകയിരുത്തിയത്. 2020 -2021 വർഷത്തെ വിഹിതം കണക്കാക്കി പുതിയ വർഷത്തെ പദ്ധതി തയാറാക്കി നിർവഹണം ആരംഭിച്ചവരാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും. വിഹിതത്തിൽ വലിയ കുറവ് വരുന്നതിനാലാണ് 86 നഗരസഭകൾക്ക് വാർഷിക പദ്ധതി അടിമുടി മാറ്റേണ്ടി വരുന്നത്. ജനസംഖ്യ, ആസ്തി എന്നിവയിൽ മുന്നിലുള്ള നഗരസഭകളിലാണ് വലിയ കുറവ്. ഇത് പ്രകാരം മഞ്ചേരി, പൊന്നാനി നഗരസഭകൾക്ക് മൂന്നുകോടി വരെയാണ് കുറവ്. പെരിന്തൽമണ്ണയിൽ 1.61 കോടി കുറവുണ്ട്.
2021 -22 വർഷം സംസ്ഥാന ബജറ്റിൽ റോഡ് അറ്റകുറ്റപ്പണിക്ക് 1949.80 കോടിയും റോഡിതരത്തിൽ 1218.63 കോടിയും ആണ്. 2020 -21ൽ ഇത് റോഡിന് 2060.68, റോഡിതരത്തിൽ 883.15 എന്നിങ്ങനെയായിരുന്നു. 2020 -21 പ്രകാരം തയാറാക്കിയ പദ്ധതികളാണിപ്പോൾ മാറ്റുന്നത്. വാർഷിക വിഹിതം ആനുപാതികമായി കുറവുള്ളത് നഗരസഭകൾക്കാണെന്നതിനാൽ പുനഃക്രമീകരണ പണികളും അവക്കാണ് കൂടുതൽ.
സ്വന്തം ഫണ്ടുള്ള നഗരസഭകൾക്ക് മാറ്റം വരുത്താതെ നടപ്പാക്കാനും ബഹുവർഷ പദ്ധതികളാക്കി തുടങ്ങിവെക്കാനും അടിയന്തരമല്ലാത്തവ ഒഴിവാക്കാനും കഴിയും. ജനുവരി 22നകം പദ്ധതി കുറ്റമറ്റതാക്കി അംഗീകാരം വാങ്ങാൻ നിർദേശിച്ചത് ഇപ്പോൾ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.