അനധികൃത ചെങ്കൽ ഖനനം: 23 വാഹനങ്ങൾ പിടികൂടി
text_fieldsപെരിന്തൽമണ്ണ: അനധികൃത ചെങ്കൽഖനനം തടയുന്നതിന്‍റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ റവന്യൂ സംഘത്തിന്‍റെ വ്യാപക പരിശോധന. ശനി, ഞായർ, ബുധൻ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 23 വാഹനങ്ങൾ പിടികൂടി. ബുധനാഴ്ച മേലാറ്റൂർ, കീഴാറ്റൂർ, വടക്കാങ്ങര എന്നിവിടങ്ങളിൽനിന്ന് ഒമ്പത് ടിപ്പറും ഒരു ജെ.സി.ബിയും കുറുവ, ചേണ്ടി എന്നിവിടങ്ങളിൽനിന്ന് എട്ട് ടിപ്പറുകളും പിടിച്ചെടുത്തിട്ടുണ്ട്.
കുറുവയിൽ മിച്ചഭൂമിയിൽ വൻതോതിൽ ചെങ്കൽഖനനം നടത്തുന്നതായി കണ്ടെത്തി. നിലവിൽ ചെങ്കൽ ഖനനത്തിന് ലൈസൻസ് നൽകുന്നില്ലെന്നും ഇപ്പോൾ നടക്കുന്ന മുഴുവൻ ചെങ്കൽ ഖനനവും അനധികൃതമാണെന്നും റവന്യൂ സംഘം പറഞ്ഞു. പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായ, എൽ.ആർ തഹസിൽദാർ അജിത് ജോയ്, ഡെപ്യൂട്ടി തഹസിൽദാർമാരായ മണികണ്ഠൻ, ഷിബു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പിടികൂടിയ വാഹനങ്ങളിൽ ടിപ്പറിന് 10,500 രൂപയും ജെ.സി.ബിക്ക് 25,000 രൂപയുമാണ് പിഴ ചുമത്തുക. മഹസർ തയാറാക്കി തഹസിൽദാർ റിപ്പോർട്ട് ജില്ല ജിയോളജി ഓഫിസർക്ക് നൽകും.
അവിടെ പിഴ അടച്ച് രസീതിയുമായി എത്തിയാൽ വാഹനങ്ങൾ വിട്ടുനൽകും. പരമാവധി 15 ദിവസം വാഹനങ്ങൾ പിടിച്ചിടും. താലൂക്കിൽ വൻതോതിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നുണ്ടെന്ന് പരാതികളെത്തിയിട്ടും ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുയർന്നിരുന്നു.
ഇതേ തുടർന്ന് വില്ലേജ് ഓഫിസർമാർക്ക് വിവരം നൽകാതെയാണ് തഹസിൽദാറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്വാറി പ്രവർത്തിക്കുന്ന സ്ഥലങ്ങളുടെ വിശദ പരിശോധന നടത്തി അളന്നുതിരിക്കാൻ അതത് വില്ലേജ് ഓഫിസർമാർക്ക് തഹസിൽദാർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.