40 കോടിയുടെ ഇൻഡോർ മാർക്കറ്റ്; രണ്ടാംഘട്ട നിർമാണം ഊർജിതം
text_fieldsപെരിന്തൽമണ്ണ: നഗരസഭയുടെ രജതജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട 40 കോടിയുടെ ആധുനിക വ്യാപാരസമുച്ചയത്തിന്റെ രണ്ടാംഘട്ട പുനർനിർമാണം ഊർജിതം. പത്ത് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. ബഹുനില ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ കെട്ടിടത്തിന്റെ രൂപരേഖ വെച്ച് 2019 നവംബറിൽ ലേലം നടത്തി 20 കോടിയോളം രൂപ നഗരസഭ മുൻകൂറായി സ്വരൂപിച്ചാണ് നിർമാണത്തിനിറങ്ങിയത്.
2016ലെ പൊതുമരാമത്ത് നിരക്കുവെച്ചാണ് എസ്റ്റിമേറ്റ് തയാറാക്കി 2018ൽ അംഗീകാരം വാങ്ങിയത്. അതിന് ശേഷം വസ്തുക്കൾക്ക് വൻ വിലവർധനവുണ്ടായി. ഇത് കണക്കിലെടുത്ത് എസ്റ്റിമേറ്റ് പുതുക്കാൻ കരാർ കമ്പനി ഊരാളുങ്കൽ കൺസ്ട്രക്ഷൻ സൊസൈറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടത് നഗരസഭ സമ്മതിച്ചിട്ടുണ്ട്. 2018 ലെ നിരക്കാണ് നിലവിൽ അംഗീകരിച്ചുവരുന്നത്. അതുപ്രകാരം എസ്റ്റിമേറ്റ് പുതുക്കും. അന്തിമ ധാരണയായിട്ടില്ല. 2019 ഫെബ്രുവരിയിൽ നിർമാണോദ്ഘാടനം നടന്നതാണ്. ലേലം നടത്തി തുക സ്വരൂപിച്ചാൽ പരമാവധി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാവുമെന്നായിരുന്നു പണം മുടക്കിയവർക്ക് നഗരസഭ നൽകിയ ഉറപ്പ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് മൂന്നര വർഷത്തോളം നിർമാണം മുടങ്ങി. ഏറ്റവുമൊടുവിൽ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മന്റെ് കോർപറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി) നിന്ന് നഗരസഭ 30 കോടി രൂപ വായ്പയെടുത്താണ് ഇതടക്കം മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുന്നത്. ഇൻഡോർ മാർക്കറ്റ് ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ച് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഓൺലൈനായി 2020 മാർച്ച് 11ന് ഉദ്ഘാടനം നടത്തിയതാണ്. രണ്ടാംഘട്ടം 2021 മാർച്ചിൽ പൂർത്തീകരിക്കുമെന്നാണ് അന്ന് അറിയിച്ചത്.
നഗരസഭ മുൻ ചെയർമാൻ എം. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിവെച്ചതാണ് പദ്ധതി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലവിലെ ഡെയ്ലി മാർക്കറ്റ് നിലനിന്ന 2.73 ഏക്കർ സ്ഥലത്താണ് കെട്ടിടം. 60 ശതമാനത്തോളം കെട്ടിട ഭാഗം നിർമാണം കഴിഞ്ഞെന്നും 21 കോടി രൂപ കരാർ കമ്പനിക്ക് നൽകിയതായും നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.
ഇൻഡോർ മാർക്കറ്റ് മുഖഛായ മാറ്റും, പ്രതീക്ഷയോടെ നിക്ഷേപകർ
രണ്ടു ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന ബഹുനില ഇൻഡോർ മാർക്കറ്റ് പൂർത്തിയാവുന്നതോടെ ഇവിടം പെരിന്തൽമണ്ണയുടെ പ്രധാന വ്യാപാര കേന്ദ്രമായി മാറുമെന്നാണ് കരുതുന്നത്. സെല്ലാർഫ്ലോറിലും കെട്ടിടത്തിന് ചുറ്റുമായും 500 ഓളം വാഹനങ്ങൾക്ക് നിർത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ 226 ഓളം ഷോപ്പ് റൂമുകളിൽ 203 എണ്ണം നിലവിലുള്ള വ്യാപാരികൾക്ക് നീക്കിവെച്ചാണ് പദ്ധതി ആരംഭിച്ചത്. ഒന്നാം നിലയിൽ ആധുനിക രൂപത്തിലുള്ള സൂപ്പർമാർക്കറ്റ് ബ്രാൻഡ് ഷോപ്പുകൾ, എ.ടി.എം കൗണ്ടർ മൊബൈൽ കിയോസ്കുകൾ, ജെൻറ്സ് കിഡ്സ് ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും, രണ്ടാം നിലയിൽ ലേഡീസ് ഷോപ്പുകൾ, ലേഡീസ് ഫാൻസി ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടിപാർലർ, പ്ലേ ഏരിയ, ഫുഡ് കോർട്ട് എന്നീ സൗകര്യങ്ങളും അടങ്ങുന്ന 220 ഷോപ്പ് മുറികളാണ് വിഭാവന ചെയ്തിട്ടുള്ളത്. എട്ട് ലിഫ്റ്റും രണ്ട് എസ്കലേറ്ററുമുണ്ടാവും. ഫ്ലോറുകളിൽ എല്ലായിടത്തും സ്റ്റെപ്പ് കയറാതെത്തന്നെ എത്താനാവുന്ന സൗകര്യങ്ങളാണ് ഡി.പി.ആറിൽ. 120 ശൗചാലയങ്ങളുണ്ടാവും.
പൂർത്തിയായ ഭാഗത്ത് മത്സ്യ, പച്ചക്കറി മാർക്കറ്റാണ് ഇപ്പോഴുള്ളത്. നിർമാണത്തിന് മുമ്പ് മുറികളെടുത്ത് പണം നിക്ഷേപിച്ചവർ നാലര വർഷത്തോളമായി ഈ പദ്ധതി പൂർത്തിയാവുന്നത് കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.