പുക പരിശോധന കേന്ദ്രങ്ങളിൽ പരിശോധന; ഇനി നിരക്ക് ഇങ്ങനെ
text_fieldsപെരിന്തൽമണ്ണ: പുക പരിശോധന കേന്ദ്രങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയ പടപ്പറമ്പിലുള്ള സ്ഥാപനം പൂട്ടാൻ നിർദേശം നൽകി. നാല് സ്ഥാപനങ്ങൾക്കെതിരെ മലപ്പുറം ആർ.ടി.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജനങ്ങളിൽനിന്ന് ലഭിച്ച പരാതികളും ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരവുമാണ് പെരിന്തൽമണ്ണ സബ് ആർ.ടി ഓഫിസിന് കീഴിലുള്ള 10 പുക പരിശോധന കേന്ദ്രങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസ് പരിശോധിച്ചത്. ബി.എസ് നാല്, ബി.എസ് ആറ് ശ്രേണിയിലുള്ള വാഹനങ്ങൾക്ക് പുക പരിശോധന കാലാവധി ഒരുവർഷമാണ് നൽകേണ്ടത്.
ചില സ്ഥാപനങ്ങൾ ആറുമാസത്തിന് നൽകിയതായി കണ്ടെത്തി. ഇത്തരം പരിശോധന കേന്ദ്രങ്ങൾ വാഹന ഉടമ അടുത്ത പ്രാവശ്യം പരിശോധിക്കാൻ വരുന്ന സമയത്ത് സൗജന്യമായി പുകപരിശോധന നടത്തി റിപ്പോർട്ട് നൽകണം. പല വാഹന ഉപയോക്താക്കളും അധിക തുക പരിശോധനക്കായി വാങ്ങുന്നുണ്ടെന്നും പരാതിയുണ്ടായിരുന്നു. വാഹനങ്ങൾക്ക് സർക്കാർ അനുവദിച്ച പരിശോധന നിരക്ക് താഴെക്കൊടുക്കുന്നു. ഉപഭോക്താക്കൾക്ക് ജോയൻറ് ആർ.ടി.ഒയുടെ വാട്സ്ആപ് നമ്പറിൽ പരാതികൾ ഉണ്ടെങ്കിൽ നൽകാവുന്നതാണെന്നും ഒക്ടോബർ ആദ്യവാരത്തോടെ എല്ലാ പരിശോധന കേന്ദ്രങ്ങളും സർട്ടിഫിക്കറ്റ് നൽകുന്നത് ഓൺലൈനായി ലിങ്ക് ചെയ്യുന്നതായിരിക്കും എന്നും പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു. വാട്സ്ആപ് നമ്പർ: 8547 639053.
പുക പരിശോധനയുടെ നിരക്ക്
ഇരുചക്രവാഹനങ്ങൾ -80 രൂപ,
മുച്ചക്രവാഹനം (പെട്രോൾ) 80, ഡീസൽ 90
ലൈറ്റ് മോട്ടോർ വാഹനങ്ങൾ (പെട്രോൾ) 100, (ഡീസൽ) 110,
ഹെവി മോട്ടോർ വാഹനങ്ങൾ 150
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.