കോളനിക്കുപകരം ‘സദ്ഗ്രാമം’ പേരിടണമെന്ന്
text_fieldsപെരിന്തൽമണ്ണ: പട്ടികജാതി-വർഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ എന്തിനാണ് കോളനി എന്ന് വിളിക്കുന്നത്?, പറഞ്ഞുപഴകിയ പേരാണെങ്കിലും അവിടെ താമസിക്കുന്നവർ ആ പേര് ഇഷ്ടപ്പെടുന്നില്ല. ആ പദംമാറ്റി പകരം സദ്ഗ്രാമങ്ങൾ എന്നാക്കിക്കൂടേ? -നജീബ് കാന്തപുരം എം.എൽ.എ പട്ടികജാതി-വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനോട് വ്യക്തിപരമായി ഉയർത്തിയ ചോദ്യം. നല്ല ആശയമാണെന്നും ആലോചിക്കാവുന്നതാണെന്നും മന്ത്രിയുടെ പ്രതികരണം.
താൻ പറയുന്ന വാക്ക് തന്നെ വേണമെന്നില്ലെന്നും വേറെ നല്ല പേരുണ്ടെങ്കിൽ അത് സ്വീകരിക്കണമെന്നും നജീബ് കാന്തപുരം മന്ത്രിയോട് ഉണർത്തി. മന്ത്രിക്ക് നിവേദനവും നൽകി. ചരിത്രപരമായ കാരണങ്ങളാലാണ് സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് വിധേയമായി മാറ്റിനിർത്തപ്പെട്ട പട്ടികജാതി-വർഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികൾ എന്ന് വിശേഷിപ്പിക്കുന്നതെന്നും ആധുനിക സമൂഹത്തിന് ഇത് ചേർന്നതല്ലെന്നും എം.എൽ.എ പറയുന്നു. മണ്ഡലത്തിൽ ഇത്തരത്തിൽ പേരു സ്വീകരിക്കാമെന്നും സംസ്ഥാനമൊട്ടാകെയാക്കാൻ മുഴുവൻ രേഖകളിലും മാറ്റേണ്ടതുണ്ടെന്നും പഞ്ചായത്തുകളുടെ വാർഷിക പദ്ധതി തയാറാക്കുമ്പോഴാണ് ഇതിന് കഴിയുകയെന്നും മന്ത്രി എം.എൽ.എയെ അറിയിച്ചു.
അംബേദ്കർ ഗ്രാമപദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ മണ്ഡലത്തിൽ കുന്നക്കാട്ടുകുഴി കോളനിയിൽ എത്തിയപ്പോഴാണ് കോളനി എന്ന പേരുതന്നെ എടുത്തുകളയണമെന്ന ആശയം തോന്നിയതെന്ന് നജീബ് കാന്തപുരം എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. കോളനികളിലെ മനുഷ്യരെ അധമരായി കാണുന്ന പ്രവണത ചിലയിടത്തെങ്കിലുമുണ്ട്. ആശയം എം.എൽ.എ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെ അനുകൂലമായ പ്രതികരണമാണ് വിവിധ കോണുകളിൽനിന്ന് ലഭിച്ചത്. രാജ്യത്തിന് ഒട്ടേറെ മാതൃകകൾ കാണിച്ച കേരളം മാനവിക നിലപാടുകളും ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളും കൊണ്ട് ശ്രദ്ധേയമാണെന്നും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ നിരയുടെ തുടർച്ചയാവട്ടെ പുതിയ മാറ്റമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.