അന്താരാഷ്ട്ര വനിത ദിനം: കെ.എസ്.ആർ.ടി.സി പെൺയാത്ര
text_fieldsപെരിന്തൽമണ്ണ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ ലേഡീസ് ഒൺലി വനിത യാത്ര വാരത്തിന് തുടക്കം. പട്ടാമ്പിയിലെ വനിത കൂട്ടായ്മയായ 'സഹജ പട്ടാമ്പി' അംഗങ്ങൾ പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലേക്ക് വിനോദയാത്ര തിരിച്ച് തുടക്കമിട്ടു. വനിത ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് മുതൽ 13 വരെയാണ് വനിത യാത്രാവാരം വിനോദയാത്ര പരിപാടി. അധ്യാപികമാർ അടക്കമുള്ള പട്ടാമ്പിയിലെ വനിത കൂട്ടായ്മ മാർച്ചിലെ വിദ്യാലയങ്ങളിലെ തിരക്ക് കാരണമാണ് ഒരാഴ്ച മുമ്പുതന്നെ വിനോദയാത്ര സംഘടിപ്പിച്ചത്. മാർച്ച് ഏഴിന് മൂന്നാറിലേക്ക് ഒരു വനിത യാത്രകൂടി പെരിന്തൽമണ്ണയിൽനിന്ന് തീരുമാനിച്ചിട്ടുണ്ട്.
വനിത ദിനമായ മാർച്ച് എട്ടിനാണ് വനിതകളുടെ ഈ സംഘം മൂന്നാറിലെത്തുക. ചുരം യാത്രയും കാനനഭംഗിയും തടാകങ്ങളും സന്ദർശിച്ചുള്ള വയനാട്ടിലേക്കുള്ള യാത്രയും പെരിന്തൽമണ്ണയിൽനിന്ന് പോകുന്നുണ്ട്.
പാലക്കാട് ജില്ലയിലെ വിളയൂർ, കൊപ്പം, കുലുക്കല്ലൂർ, തിരുവേഗപ്പുറ, മുതുതല എന്നീ പഞ്ചായത്തുകളിലെയും പട്ടാമ്പി നഗരസഭയിലെയും പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾ ഈ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന പിന്നാക്ക വികസന വകുപ്പ് അംഗവും മുൻ പാലക്കാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സുബെദ ഇസ്ഹാക്, മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. സി.പി. ചിത്ര, വിളയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഗിരിജ, മുതുതല പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദവല്ലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ആലപ്പുഴ യാത്രയും കടൽ യാത്രയും ഉൾപ്പെടുത്തി ചെറായി, മുനമ്പം, മുനക്കൽ ബീച്ചുകളും ഉൾപ്പെട്ട എറണാകുളം യാത്രയും പെരിന്തൽമണ്ണയിൽനിന്നും അടുത്തുതന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.