വോട്ട് അസാധുവാക്കൽ: പെരിന്തൽമണ്ണയിൽ കോൺഗ്രസ്–ലീഗ് തർക്കം യു.ഡി.എഫ് സ്വതന്ത്രനെ ചൊല്ലി
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ അധ്യക്ഷസ്ഥാനത്തേക്കും ഉപാധ്യക്ഷ സ്ഥാനത്തേക്കും നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് അസാധുവാക്കിയത് ഒരു വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര അംഗത്തെ ചൊല്ലി. 19ാം വാർഡായ ആനത്താനത്ത് പതിവായി യു.ഡി.എഫിൽ കോൺഗ്രസാണ് മത്സരിച്ചിരുന്നത്.
ഇത്തവണ അനുയോജ്യനായ സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ഒരാളെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കുകയായിരുന്നു. ലീഗിെൻറ നിയോജക മണ്ഡലം കമ്മിറ്റിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി കരാർ തയാറാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് വിപ്പ് അനുസരിച്ച് പാർലമെൻററി നടപടികൾക്ക് സഹകരിക്കുമെന്നാണ് ധാരണ.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലേക്ക് വിജയിച്ച അംഗത്തെ പലവട്ടം വിളിച്ചിട്ടും വന്നില്ലെന്നാണ് പരാതി. ലീഗ് നേതൃത്വവുമായി ഇക്കാര്യം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ ധാരണയിൽനിന്ന് ലീഗ് പിറകോട്ട് പോയതായി വ്യക്തമായതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
തുടർന്ന് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗിന് വോട്ട് ചെയ്യാതെ അസാധുവാക്കി. അതേസമയം, മുസ്ലിം ലീഗ് മുനിസിപ്പൽ ജോയൻറ് സെക്രട്ടറിയാണ് ആനത്താനം വാർഡിൽനിന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ആളെന്നും വിപ്പ് പാലിക്കേണ്ട ഘട്ടത്തിൽ പാലിക്കാമെന്നതടക്കം കരാറുണ്ടെന്നും മുസ്ലിം ലീഗ് ഭാരവാഹികളും അറിയിച്ചു.
എന്നാൽ, മറ്റൊരു രാഷ്ട്രീയപാർട്ടിയുടെ യോഗത്തിൽ പങ്കെടുക്കലും മിനിറ്റ്സിൽ ഒപ്പിടലുമടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സമുണ്ടെന്ന് അറിയിച്ചിരുന്നെന്നും വിശദീകരിച്ചു. 34 അംഗ കൗൺസിലിൽ കോൺഗ്രസിെൻറ ഏഴും ലീഗിെൻറ ആറും അംഗങ്ങളാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.