മലപ്പുറം ജില്ല ആശുപത്രിയിൽ എമർജൻസി തിയറ്റർ അടച്ചിട്ട് മൂന്ന് വർഷം
text_fieldsപെരിന്തൽമണ്ണ: മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടിയ എമർജൻസി ഒാപറേഷൻ തിയറ്റർ തുറക്കാത്തതിനാൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്ന ഭൂരിഭാഗം രോഗികളെയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നു. അടൂർ പ്രകാശ് ആരോഗ്യമന്ത്രിയായിരിക്കെ 10 വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണ് എമർജൻസി തിയറ്റർ. ജില്ല ആശുപത്രിയിൽ പ്രധാന ബ്ലോക്കിെൻറ ഏറ്റവും താഴെ നിലയിലാണ് തിയറ്റർ. മുകൾ നിലയിലേക്ക് റാമ്പ് പണിത ഘട്ടത്തിൽ അടച്ചിട്ടതാണിത്. തിയറ്ററിലുണ്ടായിരുന്ന വിലപിടിപ്പുള്ള യന്ത്രങ്ങൾ മാതൃ-ശിശു ബ്ലോക്കിലെ തിയറ്ററിലേക്ക് മാറ്റിയതാണ്. യന്ത്രങ്ങൾ ഉപയോഗപ്പെടുത്തി തിയറ്റർ മാതൃ-ശിശു കേന്ദ്രത്തിൽ പ്രവർത്തിച്ചെങ്കിലും കുറച്ചു കാലത്തിന് ശേഷം അതും നിർത്തി. അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടിയെത്തുന്നവർക്കും കിടത്തിച്ചികിൽസയിൽ തുടരുന്ന രോഗികൾക്കുമാണ് എമർജൻസി തിയറ്റർ ഉപകാരപ്പെടുക.
പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റതു മുതൽ രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നതാണ് എമർജൻസി തിയറ്റർ തുറക്കാൻ. ആശുപത്രി സൂപ്രണ്ടും റസിഡൻറ് മെഡിക്കൽ ഒാഫിസറുമാണ് മുൻകൈ എടുക്കേണ്ടത്. 2000ന് മുകളിൽ പേരാണ് ഒ.പിയിലെത്തുന്നത്. അവധി ദിവസം കഴിഞ്ഞ തിങ്കളാഴ്ച 1059 പേരാണെത്തിയത്. 240 പേരെ കിടത്തി ചികിൽസിക്കാൻ സകര്യമുള്ള ഇവിടെ സർക്കാർ കണക്കിൽ 177 കിടക്കയാണ്. കൃത്യമായ സേവനം നൽകാത്തതിനാൽ പകുതിയോളം കട്ടിലും ഒഴിഞ്ഞു കിടക്കുന്നു. 15 കട്ടിലുള്ള പുരുഷൻമാരുടെ സർജിക്കൽ വാർഡിൽ തിങ്കളാഴ്ച നാലുപേരാണ്. ഐസോലേഷൻ, ഗൈനക് വാർഡുകളിലും രോഗികളുണ്ട്.
അതേസമയം, ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതിനാലാണ് തിയറ്റർ അടച്ചിട്ടിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആരതി, ആർ.എം.ഒ ഡോ. അബ്ദുൽ റസാഖ് എന്നിവർ അറിയിച്ചു. ജില്ല ആശുപത്രിയായിട്ടും താലൂക്ക് ആശുപത്രി സ്റ്റാഫ് പാറ്റേണാണിവിടെയെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.