നിലനിൽപിന് വേണ്ടിയുള്ള രാഷ്ട്രീയക്കളി ഇടതുപക്ഷം നിർത്തണം –ജമാഅത്തെ ഇസ്ലാമി
text_fieldsപെരിന്തൽമണ്ണ: കമ്യൂണിസവുമായി ആശയ സംവാദത്തിന് ജമാഅത്തെ ഇസ്ലാമി തയാറാണെന്നും അതിനൊരുങ്ങാതെ അടിസ്ഥാനരഹിത പ്രചാരണങ്ങളിൽനിന്ന് പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. പെരിന്തൽമണ്ണയിൽ 'നാസ്തികത, ലിബറലിസം, കമ്യൂണിസം, ഇസ്ലാം' വിഷയത്തിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലനിൽപിന്, ഗത്യന്തരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിൽ സി.പി.എം. ഇത് സംഘ്പരിവാറിന് വഴിമരുന്നിടുന്നതാണ്. അതുകൊണ്ടാണ് മാരാർജി ഭവനിൽനിന്നും എ.കെ.ജി സെൻററിൽനിന്നും സമാന പ്രസ്താവനകൾ ഉണ്ടാവുന്നത്. പേക്ഷ, അപകടകരമായ രാഷ്ട്രീയമാണ് അത്. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പണിയിലായിരുന്നു കുറച്ചുകാലമായി സി.പി.എം. മുസ്ലിം ലീഗിനുള്ളിൽ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് പ്രവേശിച്ചിരിക്കുന്നു എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. ഇതേ ആത്മാവ് എത്രയോ കാലം ഇടതുപക്ഷത്തിെൻറയും സി.പി.എമ്മിെൻറയും ഉള്ളിൽ പ്രവേശിച്ചിരുന്നു എന്ന് വിസ്മരിക്കരുത്. ഫാഷിസത്തിനെതിരെ പൊതു പ്ലാറ്റ്ഫോം രൂപപ്പെടുത്തേണ്ട ഘട്ടമാണ്. വിചാരധാരയിൽ ഫാഷിസം ഒന്നാമതായി ശത്രുപക്ഷത്തു നിർത്തിയത് മുസ്ലിംകളെ ആണെങ്കിൽ തൊട്ട് താഴെ ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഉണ്ട്. ഇത് വിസ്മരിച്ചാൽ ബംഗാളിനും ത്രിപുരക്കും പിറകെ കേരളത്തെക്കുറിച്ചും ഇടതുപക്ഷത്തിന് എവിടെയെങ്കിലും ഇരുന്ന് ചരിത്രം എഴുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ബാസിത് താനൂർ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, ഏരിയ പ്രസിഡൻറ് കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
അമീൻ തിരൂർക്കാട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.