പെരിന്തൽമണ്ണയിലെ ജനകീയ ഹോട്ടൽ പൂട്ടിയിട്ട് 15 ദിവസം
text_fieldsപെരിന്തൽമണ്ണ: സംസ്ഥാനത്തെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പെരിന്തൽമണ്ണയിലെ സമൃദ്ധി ജനകീയ ഹോട്ടൽ നിലച്ച മട്ടിൽ. 15 ദിവസമായി ഹോട്ടൽ പൂട്ടിയിരിക്കുകയാണ്.
കോവിഡ് രൂക്ഷമായ കാലത്താണ് ഹോട്ടൽ ആരംഭിച്ചത്. കുടുംബശ്രീയെയാണ് നടത്തിപ്പ് ഏൽപിച്ചത്. നാല് കുടുംബശ്രീ പ്രവർത്തകർ ഉച്ചയൂൺ വീട്ടിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്ന് 20 രൂപക്കാണ് നൽകിയിരുന്നത്. ഊൺ ഒന്നിന് 10 രൂപ വെച്ച് കുടുംബശ്രീ മിഷൻ സബ്സിഡി നൽകുമെന്നും മറ്റു സഹായങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു. സബ്സിഡി ഇനത്തിൽ 1.5 ലക്ഷത്തിന് മുകളിൽ ലഭിക്കാത്തതിനാൽ പ്രവർത്തനം പ്രതിസന്ധിയിലായി. നഗരസഭയിൽ നിന്ന് 17,000 രൂപ ലഭിക്കാനുണ്ട്.
കോവിഡ് ആർ.ആർ.ടി ടീമിനടക്കം ഭക്ഷണം നൽകിയിരുന്ന വകയിലാണത്. ഹോട്ടൽ നിർത്തിയിട്ടില്ലെന്നും നടത്തിപ്പുകാർക്ക് ചില പ്രയാസങ്ങൾ നേരിട്ടപ്പോൾ തൽക്കാലം അടക്കേണ്ടി വന്നതാണെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിൽ രണ്ടാം നിലയിലാണ് ഹോട്ടൽ. ഇതിൽ അടുക്കളയില്ലാത്തതിനാൽ കുടുംബശ്രീ അംഗങ്ങൾ വീട്ടിൽനിന്ന് പാചകം ചെയ്ത് ഭക്ഷണമെത്തിക്കുകയായിരുന്നു. ഇവിടെനിന്ന് മാറി മറ്റൊരു കേന്ദ്രം നോക്കാനും ബന്ധപ്പെട്ടവർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, തെരുവിൽ അലയുന്നവരടക്കമുള്ളവർക്ക് ഇവിടെനിന്ന് ഉച്ചഭക്ഷണം ലഭിച്ചിരുന്നു. ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തോടെ ഹോട്ടൽ സജ്ജമാക്കാനാണ് സർക്കാർ നിർദേശം നൽകിയത്.നിശ്ചിത ആളുകൾക്കുള്ള ഭക്ഷണം സൗജന്യമായി നൽകാനും അതിനുള്ള വിലകൂടി ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർ പെട്ടിയിൽ നിക്ഷേപിക്കാൻ സൗകര്യം ഒരുക്കാനും മുൻ കൗൺസിൽ കാലത്ത് തീരുമാനിച്ചതാണ്.
വിശപ്പുരഹിത നഗരം പദ്ധതി ഫലത്തിൽ നിലച്ചു. ഭക്ഷണ വസ്തുക്കൾ വീടുകളിൽനിന്ന് എത്തിച്ച് ആവശ്യക്കാർക്ക് എടുത്തു കഴിക്കാവുന്ന രൂപത്തിൽ ടൗണിൽ സ്ഥാപിച്ച കിയോസ്ക് മാസങ്ങൾക്ക് മുമ്പേ നിലച്ചു. സമൃദ്ധി ജനകീയ ഹോട്ടൽ അടിയന്തരമായി തുറക്കണമെന്നും നടത്തിപ്പുകാർക്കുള്ള സാമ്പത്തിക കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്നുമാണ് ഇവിടെനിന്ന് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.