സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങാകാൻ 35 ബസുകളുടെ കാരുണ്യയാത്ര
text_fieldsപെരിന്തൽമണ്ണ: അകാലത്തിൽ മരിച്ച വളാഞ്ചേരി കൊളമംഗലം ബാവപ്പടിയിലെ ബസ് ജീവനക്കാരൻ ചകിടിയിൻകുഴിയിൽ ഷാഫിയുടെ കുടുംബത്തിന് താങ്ങാവാൻ സഹപ്രവർത്തകരും ബസ് ജീവനക്കാരും കൈകോർക്കുന്നു. വ്യത്യസ്ത ദിവസങ്ങളിലായി 35 ഓളം സ്വകാര്യ ബസുകളാണ് ജീവനക്കാരുടെ പങ്കാളിത്തത്തിൽ ഷാഫിയുടെ കുടുംബസഹായ നിധിക്കായി സർവിസ് നടത്തുക.
ഇന്ധനച്ചെലവു കഴിച്ച് ബാക്കിയുള്ള വിഹിതം കുടുംബസഹായനിധിയിലേക്കാണ്. തിങ്കളാഴ്ച ഏഴു ബസുകളാണ് ഇത്തരത്തിൽ സർവിസ് നടത്തിയത്. ഹൃദയവാൽവിന് തകരാറിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഷാഫി ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് വിടവാങ്ങിയത്. വാൽവിന് ശസ്ത്രക്രിയ നടത്തിയെങ്കിലും പിറ്റേ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാതാവും ഭാര്യയും നാലു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഷാഫി. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ബസ് തൊഴിലാളികളും ഉടമകളും സംരംഭം വിജയിപ്പിക്കാൻ രംഗത്തുണ്ട്. വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ പ്രതീക്ഷ ബസിലെ കണ്ടക്ടറായിരുന്നു ഷാഫി. ബസിൽനിന്ന് വീണ് മരണപ്പെട്ട ഫൈസൽബാബുവിന് വേണ്ടി രണ്ടു മാസത്തോളം മുമ്പാണ് ബസുടമകളും തൊഴിലാളികളും ഇത്തരത്തിൽ കൈകോർത്തത്. അഞ്ചു ഘട്ടങ്ങളിലായാണ് സർവിസ്. തിങ്കളാഴ്ച പാലിയേറ്റീവ് ദിനമായതിനാൽ അന്ന് ഇത്തരത്തിൽ സർവിസില്ല. പത്തിനും 12നും 18നും ഏഴു ബസുകൾ വീതം സർവിസ് നടത്തും.
25ന് അഞ്ചു ബസുകളാണ് ഉദ്യമത്തിൽ പങ്കാളികളാവുക. തൊഴിലാളികൾക്കും നാട്ടുകാർക്കുമിടയിൽ പ്രചരണം നടത്തിയാണ് ഫണ്ട് ശേഖരണം. കോഹിനൂർ, പ്രതീക്ഷ, ഫൈവ് സ്റ്റാർ (കരുവാരകുണ്ട്), മേലേപറമ്പത്ത്, അൽ അമീൻ (കരേക്കാട്, പടപ്പറമ്പ്) മേലേപറമ്പത്ത് (പേരശ്ശന്നൂർ) തുടങ്ങിയ ബസുകളാണ് സർവിസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.