തിരുവിഴാംകുന്ന് റൂട്ടിൽ സർവിസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഏക ഓർഡിനറി റൂട്ടായ വെട്ടത്തൂർ വഴിയുള്ള തിരുവിഴാംകുന്ന് പാതയിൽ വീണ്ടും സർവിസ് വെട്ടികുറച്ചു. രാവിലെ ഏഴിന് തുടങ്ങി മൂന്നു തവണ തിരുവിഴാംകുന്നും ഒരു തവണ അലനല്ലൂരും പോയി പെരിന്തൽമണ്ണയിൽ തിരികെയെത്തുന്നതിൽ അലനല്ലൂർ വരെ പോവുന്ന സർവിസാണ് കെ.എസ്.ആർ.ടി.സി റദ്ദാക്കിയത്.
ഉച്ചക്ക് 1.35ന് പെരിന്തൽമണ്ണയിൽനിന്ന് ആരംഭിച്ച് 2.35ന് അലനല്ലൂരിൽ നിന്ന് തിരികെ പുറപ്പെടുന്ന സർവിസായിരുന്നു ഇത്. ഇതോടെ ഉച്ചക്ക് ശേഷം പെരിന്തൽമണ്ണയിലെത്താൻ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. 39 കിലോമീറ്റർ ഓടുന്ന ഈ ട്രിപ്പിന് 1000 രൂപക്ക് മുകളിൽ ശരാശരി കലക്ഷൻ ലഭിച്ചിരുന്നു.
ബാക്കിയുള്ള ട്രിപ്പുകളും നേട്ടമാണ്. ഉച്ചക്ക് ഓടുന്ന ഏത് ഡിപ്പോയിലെയും ഓർഡിനറി സർവിസുകളുടെ അവസ്ഥ ഇത് തന്നെയാണ്. എല്ലാ കാലത്തും ഒരേ കാരണങ്ങൾ പറഞ്ഞ് ഡിപ്പോ അധികൃതർ ഓർഡിനറി സർവിസുകളെ തഴയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് തിരുവിഴാംകുന്നിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂട്ടായ്മ സോണൽ ഓഫിസർക്കും ട്രാൻസ്പോർട്ട് വകുപ്പിനും പരാതി നൽകി. കോവിഡ് കാലത്ത് നിർത്തിവെച്ച ഒരു ഓർഡിനറി സർവിസ് പോലും പുനരാരംഭിച്ചിട്ടില്ല.
ഗ്രാമീണ റൂട്ടുകളെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും ആവിഷ്കരിക്കുമ്പോഴാണിത്. വൈകീട്ട് ആറിന് പെരിന്തൽമണ്ണയിൽനിന്ന് കരുവാരകുണ്ട് വഴി കാളികാവിലേക്കും തിരിച്ചും നടത്തിയിരുന്ന സർവിസ് ഒരു കാരണവുമില്ലാതെയാണ് നിർത്തിയത്. വളാഞ്ചേരിയിലേക്ക് കോവിഡിന് മുമ്പ് 14 സർവിസ് ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നുപോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.