രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ ഭക്ഷ്യവിപണന മേളക്ക് തുടക്കം
text_fieldsപെരിന്തൽമണ്ണ: നഗരസഭയും കുടുംബശ്രീ ജില്ല മിഷനും ചേർന്ന് പെരിന്തൽമണ്ണയിൽ നടത്തുന്ന അഞ്ചു ദിവസം നീളുന്ന ഭക്ഷ്യവിപണന മേളക്ക് തുടക്കം. ബുധനാഴ്ച വൈകീട്ട് 4.30ന് മനഴി ബസ്സ്റ്റാൻഡിൽനിന്ന് കുടുംബശ്രീ അംഗങ്ങളുടെ ഘോഷയാത്രയോടെയാണ് ഭക്ഷ്യമേള ആരംഭിച്ചത്. വള്ളുവനാടിെൻറയും മലബാറിെൻറയും തനത് രുചിവിഭവങ്ങളുടെ നിരവധി സ്റ്റാളുകൾ കോഴിക്കോട് റോഡിൽ ഇ.എം.എസ് സ്ക്വയറിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂനിറ്റുകളുടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളും കലർപ്പില്ലാത്ത വിഭവങ്ങളും സ്വയം നിർമിച്ച വീട്ടുപകരണങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകളും മങ്കട സി.ഡി.എസും പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യ സ്റ്റാളുകളിൽ ഒാരോ ദിവസവും വെവ്വേറെ സ്പെഷൽ വിഭവങ്ങൾ വിളമ്പും.
വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് ഭക്ഷ്യമേള. എല്ലാ ദിവസവും സ്റ്റേജ് കലാപരിപാടികളും അവതരിപ്പിക്കും. ബുധനാഴ്ച ഏലംകുളം, വെട്ടത്തൂർ സി.ഡി.എസുകളുടെ സ്റ്റേജ് ഷോ നടന്നു. വ്യാഴാഴ്ച സബ് കലക്ടർ ശ്രീധന്യ സുരേഷ്, 24ന് ഡി.എം.ഒ ആർ. രേണുക, 25ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും. 26ന് സമാപിക്കും. ബിരിയാണി ഫെസ്റ്റ്, കേക്ക് ഫെസ്റ്റ്, ചക്ക ഫെസ്റ്റ്, അച്ചാർ ഫെസ്റ്റ്, നാടൻ ഭക്ഷണ ഫെസ്റ്റ്, ചിക്കൻ -ബീഫ് ഫെസ്റ്റ്, മൈലാഞ്ചി ഫെസ്റ്റ്, ഡാൻസ് ഫെസ്റ്റ്, മാപ്പിളപ്പാട്ട് ഫെസ്റ്റ്, പുൽക്കൂട് ഫെസ്റ്റ്, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഭക്ഷ്യമേള. എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ടാവും.
പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൻ എ. നസീറ ഉദ്ഘാടനം ചെയ്തു. അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫിസർ ജാഫർ കക്കൂത്ത്, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണികൃഷ്ണൻ, സന്തോഷ്കുമാർ, എം.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. അനുബന്ധ പരിപാടിയായി മൈലാഞ്ചി ഫെസ്റ്റ് മത്സരം, പായസ ഫെസ്റ്റ് എന്നിവയും കലാഭവൻ അനിലും സംഘവും അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.