'ലൈഫി'ന് ലൈഫുണ്ട്
text_fieldsപെരിന്തൽമണ്ണ: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ (ലൈഫ്) അനർഹരെന്ന് ചൂണ്ടിക്കാട്ടി തഴയപ്പെട്ടവർക്ക് ഇനി അപ്പീൽ നൽകാനുള്ള കാലം. രണ്ട് ഘട്ട അപ്പീലും കഴിഞ്ഞ് വാർഡ് സഭയും ഭരണസമിതിയും അംഗീകരിച്ച് ആഗസ്റ്റ് 16നാണ് ഗുണഭോക്തൃപട്ടിക പുറത്തിറക്കുക. വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി രണ്ടര വർഷം മുമ്പ് ആരംഭിച്ച നടപടിക്രമങ്ങളാണിത്.
ഒന്നാം പിണറായി സർക്കാർ 2017 ജനുവരി 18, 19 തീയതികളിൽ കുടുംബശ്രീ മുഖേന അപേക്ഷ ക്ഷണിച്ച് വിവിധ ഘട്ടങ്ങളിലൂടെ അർഹരെ വേർതിരിച്ച് പട്ടിക പലവട്ടം ചുരുക്കി നടപ്പാക്കിയ ലൈഫ് പദ്ധതിക്ക് 2020ലാണ് രണ്ടാം ഘട്ടത്തിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. വിവിധ ക്ലേശഘടകങ്ങൾ ചേർത്ത് അപേക്ഷകർ നൽകിയ വിവരങ്ങൾ പരിശോധിച്ച് ആദ്യം കരട് പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ അനർഹർ കടന്നുകൂടിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രണ്ടാംഘട്ട പുനഃപരിശോധന ആറുമാസം മുമ്പ് ആരംഭിച്ചതാണ്. വീണ്ടും എണ്ണം വെട്ടിക്കുറച്ചാണ് വെള്ളിയാഴ്ച അന്തിമപട്ടിക ഇറങ്ങിയത്.
മലപ്പുറത്ത് അവസാന കരട് പട്ടികയിൽ 32,154 ഭൂമിയുള്ള ഭവനരഹിതരും 14,756 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. 10 മുതൽ 30 വരെ ശതമാനം അപേക്ഷകർ മിക്ക പഞ്ചായത്തുകളിലും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകൾ അനുവദിക്കുന്ന നടപടികൾ നടക്കാത്തതിനാൽ തദ്ദേശസ്ഥാപന അംഗങ്ങൾ വലിയ സമ്മർദത്തിലാണ്. അപേക്ഷ ക്ഷണിച്ച് പട്ടിക പുറത്തിറക്കാൻ രണ്ടര വർഷത്തോളം കാത്തിരിക്കേണ്ടി വന്നതോടെ ബ്ലേഡ് പലിശക്ക് വരെ വായ്പയെടുത്ത് പലരും വീട് പണി തുടങ്ങി.
അതിനും വഴിയില്ലാത്തവരാണ് ഇപ്പോഴും ഈ പട്ടികയിൽ. ഒരു വാർഡിൽ വർഷത്തിൽ അഞ്ച് കുടുംബങ്ങൾക്കെങ്കിലും വീട് നൽകിയിരുന്നത് ലൈഫ് പദ്ധതി പ്രകാരം ആനുപാതികമായി കുറഞ്ഞു. അഞ്ചുവർഷം കൊണ്ട് 50 മുതൽ 100 വരെ കുടുംബങ്ങൾക്കാണ് മിക്ക പഞ്ചായത്തിലും ഒന്നാം ഘട്ട ലൈഫ് പദ്ധതിയിൽ അഞ്ചു വർഷം കൊണ്ട് വീട് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.