വീടിന് തോട്ടം മേഖലയിൽ ഭൂമി കിട്ടാത്തവർക്ക് സമീപ പ്രദേശത്ത് വാങ്ങിയാലും സഹായം
text_fieldsപെരിന്തൽമണ്ണ: ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വീട് വെക്കാൻ ലൈഫ് പദ്ധതിയിൽ തോട്ടം മേഖലയടക്കമുള്ള സ്ഥലങ്ങളിൽ ഭൂമി കിട്ടിയില്ലെങ്കിൽ അതേ ജില്ലയിൽ മറ്റെവിടെയെങ്കിലും കണ്ടെത്തിയാലും സഹായം നൽകാൻ തീരുമാനം. സംസ്ഥാനത്ത് 37 തദ്ദേശ സ്ഥാപനങ്ങളിൽ 19,080 കുടുംബങ്ങളാണ് ഇത്തരത്തിൽ താമസിക്കുന്ന പഞ്ചായത്തിൽ ഭൂമി കണ്ടെത്താനാവാതെ വലയുന്നത്. കൂടുതൽ കുടുംബങ്ങൾ ഇടുക്കി ജില്ലയിലാണ്. സർക്കാർ കണക്കിൽ തോട്ടം മേഖലയിൽ 132 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഒരു മാസംകൊണ്ട് വകുപ്പുതലത്തിൽ പരിഹരിക്കാമായിരുന്ന ഈ വിഷയം രണ്ടു വർഷത്തോളം നീട്ടിക്കൊണ്ടുപോയ ശേഷമാണ ഇപ്പോൾ തീരുമാനം.
കുടുംബങ്ങളുടെ സ്ഥിരം മേൽവിലാസമുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഭൂമിക്കും സ്ഥലത്തിനും ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത്. ഇത് തൊട്ടടുത്ത പഞ്ചായത്തിലോ മറ്റോ വാങ്ങിയാൽ ധനസഹായം നൽകാൻ പ്രായോഗിക തലത്തിൽ തടസ്സങ്ങളില്ലെന്നിരിക്കെ തടസ്സം നീക്കാൻ നടപടി സ്വീകരിക്കാതെ അനാവശ്യമായി താമസിപ്പിക്കുകയായിരുന്നു. ഭൂമി വാങ്ങിയാൽ ഗുണഭോക്താവ് ആദ്യം താമസിച്ചുവരുന്ന തദ്ദേശ സ്ഥാപനത്തിലേക്കായിരിക്കും വീടിനുള്ള സർക്കാർ വിഹിതമോ ഹഡ്കോ വായ്പ വിവരങ്ങളോ എത്തുക. ഇത് ഭൂമി കിടക്കുന്ന തദ്ദേശ സ്ഥാപനത്തിലേക്ക് കൈമാറി സംയുക്ത പദ്ധതി എന്ന നിലക്ക് പൂർത്തിയാക്കണം. ഇതിനുള്ള അനുമതിയാണ് തദ്ദേശ വകുപ്പ് നൽകിയത്.
തോട്ടം മേഖലയിൽ ഇത്തരത്തിൽ കുടുംബങ്ങൾ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഭൂമി ലഭ്യമല്ലാത്ത വിഷയത്തിൽ എന്ത് ചെയ്യണമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ആദ്യ ജില്ല പ്ലാനിങ് ഓഫിസർ വഴി സർക്കാറിൽ ചോദിച്ചിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞ് 2020 ആഗസ്റ്റ് 12 വിഷയം തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റിയിൽ വന്നു. എത്ര കുടുംബങ്ങൾ ഉണ്ടെന്നും മറ്റും പഞ്ചായത്ത് തിരിച്ച് കണക്ക് വേണമെന്ന് തദ്ദേശ വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. മാസങ്ങൾ കഴിഞ്ഞ് 19,080 കുടുംങ്ങളുടെ പട്ടിക ലഭ്യമാക്കി. ഇതിൽ ഒന്നും ചെയ്യാൻ ശ്രമിക്കാതെ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിച്ച് അഭിപ്രായം തേടിയ ശേഷം ഒരു വർഷവും ഒമ്പത് മാസവും കഴിഞ്ഞാണ് ഇപ്പോൾ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.