പെരിന്തൽമണ്ണ നഗരസഭ: വികസന നേട്ടങ്ങളുടെ വീറിൽ ഇടത്; ആത്മവിശ്വാസം കരുത്താക്കി യു.ഡി.എഫ്
text_fieldsമലപ്പുറം: ജില്ലയിൽ ഇടതുമുന്നണി തുടർച്ചയായി ഭരണം കൈയാളുന്ന ഏക നഗരസഭയാണ് പെരിന്തൽമണ്ണ. മികച്ച ഭൂരിപക്ഷത്തോടെ എം. മുഹമ്മദ് സലീം അധ്യക്ഷനും നിഷി അനിൽരാജ് ഉപാധ്യക്ഷയുമായാണ് കാലാവധി പൂർത്തിയാക്കുന്നത്.
നഗരസഭയുടെ 25ാം വാർഷികത്തിെൻറ കൂടി ഭാഗമായി പരമാവധി വികസന പദ്ധതികൾ പൂർത്തിയാക്കിയെന്ന വിലയിരുത്തലുമായി ഇടതുമുന്നണി നേരേത്ത തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. വികസനത്തിനും വളർച്ചക്കും കൂടെനിന്നും ക്രിയാത്മക വിമർശനങ്ങളും ഇടപെടലുകളും നടത്തിയുമാണ് പ്രതിപക്ഷം അഞ്ചുവർഷം ചെലവിട്ടത്.
തെരഞ്ഞെടുപ്പ് കാഹളമുയർന്നതോടെ വികസന അജണ്ട നിർണയിക്കാൻ ചോദ്യാവലികളുമായി ഇടത് പ്രവർത്തകർ വീടുകൾ കയറി സർവേ നടത്തി.
34 അംഗ കൗൺസിലിൽ യു.ഡി.എഫിൽ മുസ്ലിം ലീഗിന് ഒമ്പതും കോൺഗ്രസിന് മൂന്നും അംഗങ്ങളാണ്. ഒരാൾ യു.ഡി.എഫ് വിമതനായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ശേഷിക്കുന്ന 21 പേരും എൽ.ഡി.എഫ് അംഗങ്ങളാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നഗരം വലിയതോതിൽ വളർന്നതോടെ വ്യാപാര, വ്യവസായ കേന്ദ്രങ്ങളും നഗരത്തിൽ ഏറെ എത്തി.
എൽ.ഡി.എഫ് സ്ഥാനാർഥി നിർണയമടക്കം തെരഞ്ഞെടുപ്പ് ഒരുക്കം ഏകദേശം പൂർത്തിയായി. യു.ഡി.എഫ് മുന്നണിതലത്തിൽ കൂടിയാലോചനയിലൂടെ വാർഡുകളിൽ ഊർജിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 34 വാർഡിൽ മുൻവർഷം 17 വീതം സീറ്റ് വീതിച്ചെടുത്താണ് ലീഗും കോൺഗ്രസും മത്സരിച്ചത്.
അഞ്ഞൂറ് കോടിയുടെ ജനകീയ പദ്ധതികൾ
എം. മുഹമ്മദ് സലീം (ചെയർമാൻ)
നഗരസഭക്ക് 25 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലകളെയും സ്പർശിച്ച് 500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഈ ഭരണസമിതി പൂർത്തിയാക്കുന്നത്. 400 ഭൂരഹിത കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയമടക്കം ലൈഫ് പദ്ധതിയിൽ 2000 കുടുംബങ്ങളുടെ പാർപ്പിട പ്രശ്നം പരിഹരിച്ചതാണ് മികച്ചനേട്ടം. 1995 മുതൽ നിലവിലുള്ള നാലു ഭരണസമിതികളുടെ വികസനങ്ങളുടെ തുടർച്ച സാധ്യമാക്കി.
500 ഏക്കറോളം നെൽകൃഷി, സമ്പൂർണ ശുചിത്വപദ്ധതി, നഗരസഭക്ക് സ്വന്തം സാന്ത്വനകേന്ദ്രം, വിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രമാക്കൽ, ടൗണിലെത്തുന്ന വനിതകൾക്ക് വിശ്രമകേന്ദ്രവും ഷീ സ്റ്റേ സെൻററും വനിതാഹോസ്റ്റലും, ആധുനിക ഇൻഡോർ മാർക്കറ്റ്, നിയമക്കുരുക്കിൽ കിടന്ന ബസ്സ്റ്റാൻഡ് ഒന്നാം ഘട്ടം, നഗരസഭക്ക് പുതിയ ആസ്ഥാനം, ആധുനിക മാലിന്യസംസ്കരണ പ്ലാൻറ് തുടങ്ങി കിഫ്ബി പദ്ധതിയിൽ ലഭ്യമാക്കിയ രാമഞ്ചാടി കുടിവെള്ളപദ്ധതിയടക്കം എണ്ണിപ്പറയാവുന്ന പദ്ധതികളാണിവ. ഒരുമേഖലയെയും സ്പർശിക്കാതെ പോയിട്ടില്ല.
പുതിയ മുനിസിപ്പൽ ഒാഡിറ്റോറിയം, ആയുർവേദ ആശുപത്രിക്ക് പുതിയ കേന്ദ്രം എന്നിവയാണ് കോവിഡ് നിയന്ത്രണത്തിൽ നിർമാണം പൂർത്തിയാവാതെ പോയത്.
കൃഷിയും വ്യവസായവും അവഗണിക്കപ്പെട്ടു
ഉസ്മാൻ താമരത്ത് (മുസ്ലിം ലീഗ്)
പെരിന്തൽമണ്ണ ടൗണിൽ നിർമിക്കുന്ന പുതിയ ബസ്സ്റ്റാൻഡ് ഭൂമി രണ്ടു പതിറ്റാണ്ടിലധികമായി കൈവശം വെച്ചിട്ടും സമഗ്രമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ടൗണിലെത്തുന്ന യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനാവാത്തതും നഗരത്തെ ചുറ്റുന്ന എല്ലാ പ്രദേശങ്ങളും കൃഷിയെ ആശ്രയിക്കുന്നതായിട്ടും കാർഷികരംഗത്ത് സ്ഥായിയായ പദ്ധതിക്ക് നഗരസഭ ശ്രമിച്ചില്ല. കൃഷി കഴിഞ്ഞാൽ തൊഴിലും വരുമാനവും ലഭിക്കേണ്ടത് വ്യവസായ മേഖലയിൽനിന്നാണ്. ഈ രംഗത്ത് നഗരസഭ വട്ടപ്പൂജ്യമാണ്.
മുൻ ഇടത് ഭരണസമിതികളുടെ വികസനങ്ങളിൽ നഗരത്തിെൻറ മുഖഛായ മാറ്റാനായിട്ടില്ലെന്ന പോരായ്മ തീർക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം.
കെട്ടിടനിർമാണത്തിൽ അധിഷ്ഠിതമായ വികസനത്തിനാണ് ഊന്നൽ നൽകിയത്. ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദമായ പദ്ധതികളുണ്ടായില്ല. എല്ലാ നഗരങ്ങളിലെയും മുഖ്യവിഷയം മാലിന്യ സംസ്കരണമാണ്. പെരിന്തൽമണ്ണ നഗരസഭക്ക് ഏറെ അനുയോജ്യമായ ഘടകം മാലിന്യസംസ്കരണ പദ്ധതിക്കായി സ്വന്തമായി 13 ഏക്കർ ഭൂമിയുണ്ടെന്നതാണ്. ഇവിടെയും ഈ കാലത്തിനിടയിൽ ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.