കൊടികുത്തിമലയിൽ മാലിന്യം തള്ളാനെത്തിയ രണ്ടുലോറികൾ നാട്ടുകാർ തടഞ്ഞു
text_fieldsപെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയിൽ ആശുപത്രി മാലിന്യം തള്ളാനെത്തിയ രണ്ടുലോറികൾ നാട്ടുകാർ തടഞ്ഞു. അമ്മിനിക്കാട് വടക്കേക്കരയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ലോറികളിൽ ആശുപത്രി മാലിന്യമെത്തിച്ചത്. ഒരുലോഡ് മാലിന്യം തള്ളിയിരുന്നു. രണ്ടാമത്തേത് തള്ളുന്നതിന് മുമ്പ് പ്രദേശത്തുകാർ അറിഞ്ഞതോടെ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞുവെച്ച് പെരിന്തൽമണ്ണ പൊലീസിൽ വിവരം നൽകി. എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.
ഇവിടെ പലപ്പോഴായി 40 ലോഡ് മാലിന്യം തള്ളിയിട്ടുണ്ടെന്നും ഇക്കോ ഫ്രണ്ട്ലി വിനോദകേന്ദ്രമായ പ്രദേശത്തുനിന്നും അവ നീക്കണമെന്നും നാട്ടുകാർ പൊലീസിനോടും ആവശ്യപ്പെട്ടു. മാലിന്യം തള്ളിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം നിറച്ച വാഹനം എന്തുചെയ്യണമെന്ന് രാത്രി ഒമ്പതിനും ചർച്ച നടത്തുകയാണ്.
നാട്ടുകാർ അറിയിച്ചത് പ്രകാരം താഴേക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സോഫിയ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും സ്ഥലത്തെത്തി. അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് പിഴ ചുമത്താൻ പഞ്ചായത്ത് തീരുമാനിച്ചു.
അതേസമയം, ഒരുമാസത്തിനിടെ പലപ്പോഴായി തള്ളിയ മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും അത് നീക്കണമെന്ന കാര്യത്തിൽ നടപടി വേണമെന്നും പ്രദേശത്തുകാരുടെ ആവശ്യത്തിൽ തീരുമാനമായില്ല. കൊടികുത്തിമലയിൽ വിനോദ പരിപാടികളുടെ ഭാഗമായി നിർമാണ വസ്തുക്കൾ കൊണ്ടുവരുന്നതിനാൽ പലപ്പോഴായി കൊണ്ടുവന്ന മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽ വന്നിരുന്നില്ല.
വലിയ ടോറസ് ലോറിയിൽ മുകൾ ഭാഗം മൂടിയ നിലയിലായിരുന്നു മാലിന്യം. കോഴിക്കോട്ടെ ആശുപത്രികളിൽനിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാലക്കാട്ട് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നത് ഇടനിലക്കാർ വഴി മലമുകളിലെത്തിയതാണ്. 70 കി.മി യാത്രാചെലവ് ഒഴിവാക്കലായിരുന്നു മുഖ്യ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.