ഓരാടംപാലത്തിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു; മണിക്കൂറുകൾ വഴിയടഞ്ഞു
text_fieldsപെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ വീതി കുറഞ്ഞ ഓരാടംപാലത്തിൽ കണ്ടെയ്നർ ലോറിയും പച്ചക്കറി കയറ്റിവന്ന പിക്കപ്പും കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം. തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി നിലച്ചു. പിക്കപ്പ് ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ലോറി എതിർ ദിശയിൽ വന്ന കർണാടക രജിസ്ട്രേഷനുള്ള പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നതോടെ കാൽനട പോലും സാധ്യമാവാത്ത രീതിയിൽ തടസ്സം രൂപപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗത തടസ്സം തുടർന്നു. മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ റോഡിലൂടെ ചെരക്കാപ്പറമ്പ് വഴിയും തിരിച്ചുവിട്ടു.
പാലത്തിന്റെ കൈവരി തകർത്ത് വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തോട്ടിൽ വീഴുന്നത് ഇവിടെ പതിവാണ്. പാലം പുതുക്കിപ്പണിയാൻ നാലുവർഷം മുമ്പ് എൻ.എച്ച് വിഭാഗം പദ്ധതി സമർപ്പിച്ചിരുന്നു. എന്നാൽ, ഈ പാത സംസ്ഥാന മരാമത്തിലെ എൻ.എച്ച് വിഭാഗത്തിൽനിന്ന് നാഷനൽ ഹൈവേസ് അതോറിറ്റി (എൻ.എച്ച്.എ) ഏറ്റെടുത്തതോടെ പദ്ധതി മുടങ്ങി.
ദേശീയപാത രണ്ടുവരി ഗതാഗത്തിന് സൗകര്യമുള്ളപ്പോൾ നൂറ്റാണ്ടു പിന്നിടുന്ന ഓരാടംപാലത്തിന് റോഡിന്റെ പകുതിയോളമേ വീതിയുള്ളൂ. പരിചയക്കുറവുള്ള ഡ്രൈവർമാരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ഓരാടം പാലം മുതൽ മാനത്തുമംഗലം വരെയുള്ള നിർദിഷ്ഠ ബൈപാസ് പദ്ധതിയും ഇരുളടഞ്ഞ നിലയിലാണ്. ബൈപാസിനോട് സർക്കാർ പുറംതിരിഞ്ഞു നിന്നിട്ടും പദ്ധതിക്ക് മുറവിളി കൂട്ടിയിരുന്ന പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ എം.എൽ.എമാരും ഇപ്പോൾ നിശ്ശബ്ദരാണ്.
ഡ്രൈവറെ പുറത്തെടുത്തത് ഏറെനേരം നീണ്ട ശ്രമത്തിനൊടുവിൽ
പെരിന്തൽമണ്ണ: ഓരാടംപാലത്തിൽ കണ്ടയ്നറും പിക്കപ്പും കൂട്ടിയിടിച്ച് പുറത്തിറങ്ങാനാവാത്ത വിധം പിക്കപ്പിനകത്ത് കുടുങ്ങിയ ഡ്രൈവറെ ഫയർ ആൻഡ് റസ്ക്യൂ വിഭാഗം പുറത്തെടുത്തു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ചില ഭാഗങ്ങൾ അകത്തിയും മുറിച്ചെടുത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലാണ് കുടുങ്ങിയത്. പെരിന്തൽമണ്ണയിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി. ബൈജുവിന്റെ നേതൃത്വത്തിൽ സംഘമെത്തി ഒരു മണിക്കൂറോളം ശ്രമിച്ചാണിത് സാധ്യമാക്കിയത്.
വാഹനത്തിലുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കില്ല. എങ്കിലും രക്ഷാപ്രവർത്തനം നടക്കുമ്പോൾ പൊലീസും ആംബുലൻസും തയാറായി നിന്നിരുന്നു. മുറിവുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് ഷിബിൻ, ഫിറോസ്, അനീഷ്, സുബ്രഹ്മണ്യൻ, വിശ്വനാഥൻ എന്നിവരായിരന്നു രക്ഷാപ്രവർത്തന സംഘത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.