ആ താലിമാലയിൽ സത്യമുണ്ടായിരുന്നു, നാലുവർഷം കഴിഞ്ഞ് അത് സുദീപയുടെ കഴുത്തിലെത്തി
text_fieldsപെരിന്തൽമണ്ണ: നാല് വർഷംമുമ്പ് നഷ്ടപ്പെട്ട താലിമാല ഏറ്റുവാങ്ങുമ്പോൾ സുദീപയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ സ്വർണത്തിളക്കം. ക്ഷേത്രദർശനത്തിനായി ഭർത്താവിന്റെ കൂടെ പോവുമ്പോൾ നാലുവർഷം മുമ്പ് നഷ്ടപ്പെട്ട താലിമാലക്കായി എല്ലാവിധ അന്വേഷണവും നടത്തിയിട്ടും കണ്ടുകിട്ടിയിരുന്നില്ല. 2019ൽ കൈമോശം വന്ന ചെറുകര പുളിങ്കാവിലുള്ള ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടെ മാലയാണ് വെള്ളിയാഴ്ച വീണ്ടും അവരുടെ കൈകളിലെത്തിയത്.
സുദീപയുടേതിനേക്കാൾ നാലുവർഷത്തിലേറെയായി ഇത് കൈവശം വെച്ച് ഉടമയെ കാത്തിരുന്ന അങ്ങാടിപ്പുറം മേലേ അരിപ്രയിലെ മാമ്പ്ര നരിമണ്ണിൽ അൻവർ ഷമീമിനാണ് ഏറെ ആശ്വാസം. സെയിൽസ് ജോലിക്കാരനായ ഷമീമിന് 2019ൽ കോവിഡ് കാലത്ത് പരിയാപുരം മില്ലിൻപടിയിൽ റോഡിൽനിന്നാണ് വാഹനം കയറി ഞളുങ്ങിയ നിലയിൽ രണ്ടു പവന്റെ സ്വർണമാല കിട്ടുന്നത്. അടുത്തുള്ള കടയിൽ നൽകി ഉടമകളാരെങ്കിലും വന്നാൽ തിരിച്ചുനൽകാൻ ഏൽപ്പിച്ചു.
പത്തുദിവസം ആരും വരാതായതോടെ ഷമീം സമൂഹമാധ്യമങ്ങളിൽ അറിയിപ്പിട്ടു. പല ആളുകളും വിളിച്ചെങ്കിലും പറഞ്ഞ അടയാളം ഒത്തുവന്നില്ല. നാലുവർഷം പിന്നിട്ടതോടെ ഇനി ആരും വരാനുണ്ടാവില്ലെന്ന് കരുതിയിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്.
ഒരാഴ്ച മുമ്പ് സാമൂഹിക പ്രവർത്തകൻ താമരത്ത് ഹംസു ഈ അറിയിപ്പ് അദ്ദേഹത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഇത് കണ്ടാണ് സുദീപ തിരക്കി വിളിച്ചത്. നാലുവർഷം മുമ്പ് ഭർത്താവുമൊത്ത് സ്കൂട്ടറിൽ പുളിങ്കാവിൽനിന്ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തപ്പോഴാണ് താലിമാല നഷ്ടപ്പെട്ടതെന്ന് സുദീപ പറഞ്ഞു.
മാല മസ്കത്തിൽനിന്നും താലി പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽനിന്നും വാങ്ങിയതാണ്. മാല വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ എ. പ്രേംജിത്ത് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അൻവർ ഷമീം സുദീപക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.