പൊലീസുകാരനെയും വഴിയാത്രക്കാരനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ
text_fieldsപെരിന്തൽമണ്ണ: പൊലീസുകാരനേയും വഴിയാത്രക്കാരനേയും കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു.
നിരവധി കഞ്ചാവുകേസുകളിലും മോഷണക്കേസുകളിലും പ്രതിയായ അരക്കുപറമ്പ് മാട്ടറക്കൽ സ്വദേശി പിലാക്കാടൻ നിസാമുദ്ദീനാണ് (30) പിടിയിലായത്. കഴിഞ്ഞ മാർച്ച് 13നാണ് പെരിന്തൽമണ്ണ ഗവ. ആശുപത്രിയുടെ മുന്നിൽ പൊലീസുകാരനെയടക്കം രണ്ടുപേരെ ഇയാൾ കുത്തിപ്പരിക്കേൽപിച്ചത്.
നിരവധി വാറൻറുകളുള്ള നിസാമുദ്ദീനെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് സിവിൽ പൊലീസ് ഓഫിസറായ പ്രമോദിനെ കുത്തിയത്. അവിടെനിന്ന് രക്ഷപ്പെടുേമ്പാഴാണ് അതുവഴി ബൈക്കിൽവന്ന ചെറുകര പുളിങ്കാവ് സ്വദേശിയെ തടഞ്ഞുനിർത്തി ബൈക്ക് ബലമായി പിടിച്ചുവാങ്ങി തുടർന്ന് അയാളെയും ഉപദ്രവിച്ച് പ്രതി കടന്നത്. ബൈക്ക് മാട്ടറക്കൽനിന്ന് പൊലീസ് കണ്ടെടുത്തു.
ഒളിവിൽപോയ നിസാമുദ്ദീൻ പാലക്കാട്, മഞ്ചേരി ഭാഗങ്ങളിലെ കഞ്ചാവുമാഫിയകളുടെ രഹസ്യകേന്ദ്രങ്ങളിലും അട്ടപ്പാടി ഭാഗങ്ങളിലും അരക്കുപറമ്പ് മലയിലും കഴിയുകയായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ, മാട്ടറക്കൽ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. നിസാമുദ്ദീെൻറ പേരിൽ പെരിന്തൽമണ്ണയിൽ അഞ്ചും മഞ്ചേരി, എടക്കര, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ രണ്ട് വീതവും ഒറ്റപ്പാലം, നാട്ടുകൽ, കോങ്ങാട്, മണ്ണാർക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ എക്സൈസിൽ കഞ്ചാവ് കേസുകളുമുണ്ട്.
പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ 2016ൽ നടന്ന മറ്റു രണ്ട് വധശ്രമക്കേസുകളിലും പ്രതിയാണ്. ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ ഹേമലത, അഡീഷനൽ എസ്.ഐ ഷംസുദ്ദീൻ, എ.എസ്.ഐ സുകുമാരൻ കാരാട്ടിൽ, വിശ്വംഭരൻ, പ്രത്യേക അന്വേഷണസംഘത്തിലെ മിഥുൻ, പ്രഫുൽ, ബിന്നി മത്തായി, സജീർ, ഷമീൽ, നികീഷ്, കൃഷ്ണകുമാർ, മനോജ്കുമാർ, ഐ.പി. രാജേഷ്, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.