ലക്ഷ്യം കാണണം ‘ലക്ഷ്യ’
text_fieldsപെരിന്തൽമണ്ണ: പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുള്ള മാതൃ പരിചരണം ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷ്യേറ്റിവ് (ലക്ഷ്യ) പൂർണാർഥത്തിൽ നടപ്പാവേണ്ട ആശുപത്രിയാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി. 2.44 കോടി എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ലക്ഷ്യ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 2018 -19 പദ്ധതി പ്രകാരം നിലവിലുള്ള മാതൃശിശു ഇരുനില കെട്ടിടത്തിന്റെ മുകളിൽ മൂന്നാം നില നിർമിച്ചത്. പ്രസവവാർഡിലും ലേബർ റൂമിലും അമ്മക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും ഉയർത്തലാണ് ‘ലക്ഷ്യ’ പദ്ധതി. പദ്ധതി പ്രകാരം ഏറ്റവും ആധുനിക പരിചരണമാണ് നൽകേണ്ടത്. മൂന്നു നില കെട്ടിടത്തിൽ ഇതിനുള്ള ഭൗതിക സൗകര്യങ്ങളുണ്ട്. തടസ്സം നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ കുറവാണ്. 150 കിടക്കകളിലേക്കെങ്കിലുമുള്ള നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരെയും ഡോക്ടർമാരെയും അധികമായി നിയമിച്ചാൽ മാത്രമേ ‘ലക്ഷ്യ’ ലക്ഷ്യം കാണൂ.
കെട്ടിടത്തിന്റെ മൂന്നാം നില ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് 2021 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകൾ, ആനുപാതികമായി പ്രസവ ശേഷമുള്ളവർക്കുള്ള വാർഡ്, താഴെ സർജിക്കൽ വാർഡ്, തിയറ്റർ കോംപ്ലക്സ്, മുകളിൽതന്നെ ശിശുരോഗ വിഭാഗം എന്നിവ ഒരുക്കാനുള്ള സൗകര്യങ്ങളുണ്ട്. ആന്റി നാറ്റല്‍ വാര്‍ഡ്, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, പീഡിയാട്രിക് സ്പെഷല്‍ വാര്‍ഡ് എന്നിവക്കുകൂടിയാണ് മൂന്നു നില കെട്ടിടം.
അഗ്നിസുരക്ഷ സംവിധാനമൊരുക്കുന്ന പണികളാണിപ്പോൾ ഇതിൽ നടക്കുന്നത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ വലിയ പരാതികളില്ലാതെ പ്രവർത്തിക്കുന്ന വിഭാഗമാണ് മാതൃശിശു ചികിത്സ. എന്നാൽ, കിടക്കകളുടെയും ഡോക്ടർമാരുടെയും എണ്ണം കൂട്ടണം. മൂന്നു നിലയിലും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാക്കി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കിഫ്ബി, എൻ.എച്ച്.എം ഫണ്ടിൽ പൂർത്തിയാക്കേണ്ട രണ്ട് ബ്ലോക്കുകൾ എങ്ങുമെത്താതെ കിടക്കുന്നതിനാൽ സർജിക്കൽ വാർഡടക്കം ഇവിടേക്ക് മാറ്റുന്ന കാര്യമാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.