മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തി; ആദ്യഘട്ടം 10 ദിവസത്തെ കുഴിയടക്കൽ
text_fieldsപെരിന്തൽമണ്ണ: മേലാറ്റൂർ-പുലാമന്തോൾ റോഡിൽ കുഴിയടക്കൽ പ്രവൃത്തി തീരേണ്ടത് ഒക്ടോബർ 18 നകം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സെക്രട്ടറി കെ. ബിജുവിന്റെയും സാന്നിധ്യത്തിൽ എം.എൽ.എ അടക്കം ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണിത്.
പുലാമന്തോൾ പഞ്ചായത്തിൽ കട്ടുപ്പാറ മുതൽ പെരിന്തൽമണ്ണ നഗരസഭയിൽ കുന്നപ്പള്ളി വരെയാണ് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം സാധ്യമല്ലാത്ത വിധം റോഡ് തകർന്നുകിടക്കുന്നത്. മേലാറ്റൂരിൽ ഒലിപ്പുഴ പാലം വരെയാണ് റോഡ് കരാർ.
ഒലിപ്പുഴ പാലത്തിനും മേലാറ്റൂർ ടൗണിനുമിടയിലും വേങ്ങൂരിലും കുറേ ഭാഗം കുഴിയടക്കാനുണ്ട്. കുഴിയടക്കൽ നടക്കുമ്പോൾ തന്നെ 38 കി.മീ ഭാഗത്ത് ശേഷിക്കുന്ന ഭാഗം റോഡ് ഒന്നാംഘട്ട ടാറിങ് നടക്കണം. ഇതിന് നൽകിയ സമയപരിധി നവംബർ 20 ആണ്. ഈ തീയതിക്കകം ശേഷിക്കുന്ന 11 കി.മീ ഭാഗം റബറൈസിങ് പൂർത്തിയാക്കും.
രണ്ടു ഘട്ടമായാണ് റബറൈസിങ് വരിക. കുന്നപ്പള്ളി ഭാഗത്ത് ഒന്നര കി.മീ ഭാഗത്ത് പൈപ്പിടാനുണ്ട്. അതടക്കം അഞ്ചു കി.മീ റോഡാണ് ആ ഭാഗത്ത് ആദ്യഘട്ട റബറൈസിങ് നടത്തുക. ആദ്യ ലയർ റബറൈസിങ് പൂർത്തിയായാൽ രണ്ടാമത്തേത് ഉടൻ തുടങ്ങും.
ഡിസംബറിലാണ് രണ്ടാം ലയറിലേക്ക് കടക്കുക. അഴുക്കുചാൽ നിർമാണം നേരത്തെ പൂർത്തിയായതാണ്. എട്ടുമാസം കൊണ്ടാണ് റോഡ് പണി പൂർണമായി തീർക്കേണ്ടത്. ഇത്രയും ഭാഗത്ത് മുറിക്കേണ്ട മരങ്ങൾ മുറിച്ചു. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടതും ഇതേ കരാർ കമ്പനിയാണ്. ആദ്യ പരിഗണന റോഡ് ഗതാഗത യോഗ്യമാക്കാനാണ്. ഒന്നര വർഷം കൊണ്ട് തീർക്കേണ്ട 38 കി.മീ ഭാഗം പ്രവൃത്തി പ്രത്യേകിച്ച് കാരണങ്ങളില്ലാതെ സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കരാർ കമ്പനി പോയിരുന്നു.
കരാർ റദ്ദാക്കി മറ്റ് കമ്പനിക്ക് നൽകാൻ തീരുമാനിച്ചിരുന്നു. അപ്രകാരം കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തെങ്കിലും അവസാനം ഒരവസരം കൂടി നൽകുകയാണ് ചെയ്തത്. മരാമത്ത് വകുപ്പും കരാറുകാരും ചർച്ച നടത്തിയത് ജനപ്രതിനിധികളുടെ കൂടി യോഗത്തിൽ അംഗീകരിച്ച് പൊതു തീരുമാനമാക്കുകയായിരുന്നു. ഇതിനകം പൂർത്തിയാക്കിയ ഭാഗത്തെ അപാകതകൾ വിജിലൻസ് പരിശോധിക്കുമെന്ന് മരാമത്ത് സെക്രട്ടറി കെ. ബിജു തിങ്കളാഴ്ച ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. അത് ഫലപ്രദമായി നടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.