മേലാറ്റൂർ-പുലാമന്തോൾ റോഡ്; 30 കിലോ മീറ്റർ പ്രതിഷേധ പദയാത്രയുമായി വ്യാപാരികൾ
text_fieldsപെരിന്തൽമണ്ണ/പുലാമന്തോൾ: മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തി കരാറുകാരൻ പാതിവഴിയിലിട്ട മേലാറ്റൂർ-പുലാമന്തോൾ റോഡ് പൂർത്തിയാക്കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധ പദയാത്ര. നാലുവർഷമായി പൂർത്തീകരിക്കാത്ത മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തിയുടെ അനാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ ജാഥ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലാറ്റൂരിൽ നിന്നും പുലാമന്തോളിൽനിന്നുമായി പെരിന്തൽമണ്ണ വരെ നടത്തിയ ജാഥയിൽ നിരവധി വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും പങ്കെടുത്തു. നിർമാണത്തിലെ അശാസ്ത്രീയത, അലംഭാവം, അഴിമതി, റോഡിന്റെ ശോച്യാവസ്ഥ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയുമായിരുന്നു 30 കി.മീ പദയാത്ര.
മേലാറ്റൂരിൽനിന്ന് തുടങ്ങിയ പദയാത്ര മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ പി.കെ. അബ്ദുൽ റസാഖ് പദയാത്ര ഉദ്ഘാടനം ചെയതു. പഞ്ചായത്ത് പ്രഥമ യൂനിറ്റ് സെക്രട്ടറി വാസുണ്ണി തിരുമുൽപാട് ജാഥ ക്യാപ്റ്റനായ മണ്ഡലം ജനറൽ സെക്രട്ടറി കെ. മനോജ് കുമാറിന് പതാക കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂനിറ്റ് പ്രസിഡന്റ് എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു. പുലാമന്തോളിൽനിന്ന് തുടങ്ങിയ പദയാത്രക്കായി ജില്ല ജോയൻറ് സെക്രട്ടറി അർബാദ് അസീസ്, ജില്ല വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു എന്നിവർ ചേർന്ന് ജാഥ ക്യാപ്റ്റനായ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസുഫ് രാമപുരത്തിന് പതാക കൈമാറി. ഇരുഭാഗത്തുനിന്നുമുള്ള പദയാത്ര ഉച്ചയോടെ പെരിന്തൽമണ്ണയിൽ സമാപിച്ചു.
സമാപനസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കുഞ്ഞവു ഹാജി ഉദ്ഘാടനം ചെയ്തു. യൂസഫ് രാമപുരം അധ്യക്ഷത വഹിച്ചു. പി.ടി.എസ് മൂസു, അർബാദ് അസീസ്, വനിത വിഭാഗം ജില്ല പ്രസിഡന്റ് ജമീല ഇസുദ്ദീൻ, വിവിധ യൂനിറ്റ് ഭാരവാഹികൾ, യുവജന വിഭാഗം ഭാരവാഹികൾ, വനിത വിഭാഗം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കെ. മനോജ് കുമാർ സ്വാഗതവും പെരിന്തൽമണ്ണ മണ്ഡലം ട്രഷറർ സമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.