മേലാറ്റൂർ-പുലാമന്തോൾ പാത: സർക്കാർ സ്റ്റേ നീക്കിക്കിട്ടാനുള്ള ഓട്ടത്തിലാണ്
text_fieldsപെരിന്തൽമണ്ണ: നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി പണി തീരാത്ത മേലാറ്റൂർ പുലാമന്തോൾ റോഡിന്റെ പ്രവൃത്തി ഉടൻ പുനരാരംഭിക്കുമെന്ന് പറയുമ്പോഴും ഇപ്പോഴും കരാർ കമ്പനി നേടിയ ഹൈകോടതി വിധിക്കെതിരെ സ്റ്റേ നേടാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
സ്റ്റേ നേടി പുതിയ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്ത് പുതിയ കരാറുകാരൻ ഏറ്റെടുത്ത് പൂർത്തിയാക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണമെന്ന് പദ്ധതി ഏറ്റെടുത്ത് നടത്തുന്ന കേരള ട്രാൻസ്പോർട്ട് പ്രോജക്ട് വിഭാഗത്തിനും അറിയില്ല. 144 കോടിയുടെ പ്രവൃത്തിയാണിത്. 30 കി.മീ. ഭാഗം വീതി കൂട്ടി ആവശ്യമുള്ളിടത്ത് കലുങ്കുകളും സൈഡ് ഭിത്തിയും നിർമിച്ച് ബി.എം ആൻഡ് ബി.സി ചെയ്യണം. പൊതുമരാമത്ത് വകുപ്പിന്റെ കണക്കിൽ എട്ടോ ഒമ്പതോ മാസത്തെ പണി.
അത് 18 മാസത്തെ സാവകാശം നൽകി ടെൻഡർ ഉറപ്പിച്ച് 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനവും നടത്തി. ശരാശരി 54 ശതമാനം വരെ പണി പൂർത്തിയാക്കി പാതിവഴിയിലിട്ട ഹൈദരാബാദ് ആസ്ഥാനമായ കരാർ കമ്പനി പിന്നെ തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലായി. പണം കിട്ടിയാലേ പണി തുടരൂ എന്നായി. പലവട്ടം ശ്രമിച്ചിട്ടും പണി തുടരാൻ കൂട്ടാക്കാതെ ഇവരെ ടെർമിനേറ്റ് ചെയ്യാൻ ചട്ടങ്ങൾ നോക്കി മൂന്നു നോട്ടീസ് നൽകി.
നോട്ടീസ് കാലാവധിക്ക് അവസാന ദിവസങ്ങളിൽ ഇവർ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച് ഒന്നര മാസം മുമ്പ് സ്റ്റേ നേടി. ഇനി ഈ സ്റ്റേ നീക്കിക്കിട്ടാൻ ഇപ്പോഴും മരാമത്ത് വകുപ്പ് ശ്രമം തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ പെരിന്തൽമണ്ണയിൽ മരാമത്ത് വകുപ്പ് മന്ത്രിയുടെ പിടിപ്പുകേടിനെതിരെ വിവിധ സംഘടനകൾ സമരവുമായി ഇറങ്ങി. പ്രവൃത്തി അനന്തമായി നീണ്ട ഘട്ടത്തിൽ ഇടപെടാതെ കാഴ്ചക്കാരാവുകയാണ് പെരിന്തൽമണ്ണയിലെ ജനപ്രതിനിധികൾ ചെയ്തത്. മാത്രമല്ല, സർക്കാർ അനാസ്ഥക്കെതിരെ നിരത്തിലിറങ്ങാനൊരുങ്ങിയവരെ പിന്തിരിപ്പിക്കുകയും ചെയ്തു. റോഡിലെ 30 മീ. ഭാഗവും പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ്. സർക്കാറും കരാർ കമ്പനിയും ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനിടയിൽ നടന്ന കുഴിയടക്കൽ കരാർ കമ്പനിയുടെ വകയായിരുന്നു. ഇവരെ ടെർമിനേറ്റ് ചെയ്യാൻ നോട്ടീസ് നൽകി അതിന്റെ സമയപരിധി കാത്തിരിക്കുമ്പോഴും ഇതേ കമ്പനിയെ വെച്ചാണ് കുഴിയടപ്പിച്ചത്. കനത്തമഴയിൽ ഇവ മിക്കയിടത്തും അടർന്ന് യാത്ര ഏറെ ക്ലേശകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.