മേലാറ്റൂർ-പുലാമന്തോൾ പാത; കരാർ കമ്പനിയെ നീക്കി
text_fieldsപെരിന്തൽമണ്ണ: കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന മേലാറ്റൂർ-പുലാമന്തോൾ പാത പുനർനിർമാണം നടത്തുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) വിഭാഗം റോഡ് പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ ഹൈകോടതി നിർദേശങ്ങൾ പാലിച്ച് കരാർ കമ്പനിയെ ഒഴിവാക്കി ഉത്തരവിറക്കി.
ഇതോടെ നിർമാണത്തിലെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. ചട്ട പ്രകാരം നിശ്ചിത ദിവസങ്ങൾ ഇടവിട്ട് നോട്ടീസുകൾ നൽകി കരാർ കമ്പനിയെ നീക്കാനുള്ള നടപടിയാണ് കെ.എസ്.ടി.പി ഏതാനും മാസം മുമ്പ് സ്വീകരിച്ചത്. കരാർ കമ്പനി ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.
തുടർന്ന് കോടതി നിർദേശങ്ങളുടെ ഭാഗമായി കരാർ കമ്പനിയെ കൂടി കേട്ടാണ് വീണ്ടും കരാറുകാരെ നീക്കി പുതുതായി കെ.എസ്.ടി.പി ഉത്തരവിറക്കിയത്. പുതിയ നടപടികൾ ക്രമങ്ങൾ പാലിച്ച് വീണ്ടും ടെൻഡർ നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റോഡ് തകർന്നു കിടക്കുന്നതും ജനങ്ങൾ യാത്രാ ദുരിതം അനുഭവിക്കുന്നതും നജീബ് കാന്തപുരം എം.എൽ.എ നിയമസഭയിൽ പലവട്ടം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. റോഡ് പണി പൂർത്തിയാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ലോങ് മാർച്ച്, വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ എന്നിവയും ഇക്കാലയളവിൽ നടന്നു.
മഴയിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ പലപ്പോഴായി അപകടങ്ങളും നടന്നിരുന്നു. സർക്കാറും കരാർ കമ്പനിയും തമ്മിലെ തർക്കം ഇനിയും നീളാതെ റോഡ് പ്രവർത്തി പൂർത്തിയാക്കണമെന്നാണ് ഇതുവഴി യാത്ര ചെയ്യുന്നവരുടെയും റോഡ് വിഷയത്തിൽ രൂപവൽകരിച്ച ജനകീയ സമിതിയുടെയും ആവശ്യം. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയതാണ് 144 കോടി അടങ്കൽ കണക്കാക്കുന്ന 30 കി.മീ റോഡ്. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കേണ്ടത് നാലു വർഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.