മേലാറ്റൂർ-പുലാമന്തോൾ റോഡ് നിർമാണം പൂർത്തിയാക്കാൻ വാതിലുകൾ മുട്ടി എം.എൽ.എ
text_fieldsപെരിന്തൽമണ്ണ: 52 ശതമാനം മാത്രം പൂർത്തിയായ മേലാറ്റൂർ-പുലാമന്തോൾ റോഡ് നിർമാണം പൂർത്തിയാക്കാൻ വാതിലുകൾ മുട്ടി നജീബ് കാന്തപുരം എം.എൽ.എ.
ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് മൂന്നുവർഷം മുമ്പ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ച നിലമ്പൂർ - പെരുമ്പിലാവ് റോഡിലെ 30 കി.മീറ്റർ പൂർത്തിയാക്കാൻ എല്ലാ വാതിലും മുട്ടിയിട്ടും രക്ഷയില്ലാതെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എം.എൽ.എ.
അഭിഭാഷകനുമായി സംസാരിച്ച് നിയമപരമായി എന്ത് ചെയ്യാനാവുമെന്ന് ആലോചിക്കുകയാണിപ്പോൾ. മുൻ സർക്കാറിന്റെ കാലത്താണ് മേലാറ്റൂർ പുലാമന്തോൾ റോഡിന് ഫണ്ടനുവദിച്ചത്. 2020 മധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 18 മാസം കൊണ്ട് തീർക്കേണ്ട 30.88 കി.മീ ഭാഗത്തിന് 144 കോടിയാണ് എസ്റ്റിമേറ്റ്.
എന്നാൽ ആന്ധ്ര കേന്ദ്രമായ കരാർ കമ്പനി എത്ര ആവശ്യപ്പെട്ടിട്ടും നിർമാണം പൂർത്തിയാക്കുന്നില്ല. കരാർ റദ്ദാക്കാനും കരാറുകാരനെതിരെ നടപടിയെടുക്കാനും പലതവണ വകുപ്പുതല ആലോചന നടന്നെങ്കിലും നടപടി ഉണ്ടായില്ല. രണ്ട് സബ്മിഷനും തിരുവനന്തപുരത്ത് മാത്രം പത്തോളം യോഗങ്ങളും നടത്തി. മന്ത്രിയും ചീഫ് എൻജിനീയറും സ്ഥലം സന്ദർശിച്ചിരുന്നു.
കരാറുകാരും സർക്കാറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും 144 കോടിയുടെ 30 കി.മീ റോഡ് പ്രവൃത്തി നടത്താൻ ശേഷിയുള്ളവരാണോ കരാർ കമ്പനിയെന്ന് പരിശോധിച്ച് ലൈസൻസ് നൽകേണ്ടവർ അതിൽ വല്ല നീക്കുപോക്കും നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് എം.എൽ.എ ഉയർത്തുന്ന ആവശ്യം.
അതേസമയം, റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ കരാർ കമ്പനി വീണ്ടും സമയം നീട്ടിച്ചോദിച്ചെന്നും ഡിസംബർ വരെ നീട്ടിനൽകിയെന്നും തുക അനുവദിക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നെന്നും കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡിങ്കി ഡിക്രൂസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ മുണ്ടൂർ - തൂത റോഡും ഇതേകമ്പനി തന്നെയാണ് ചെയ്യുന്നതെന്നും ചീഫ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.