തീനാളങ്ങൾക്കിടയിൽ നിന്ന് നസീറ ഷിഫാനയെ രക്ഷിച്ചത് സാഹസികമായി
text_fieldsകീഴാറ്റൂർ: വലിയ പൊട്ടിത്തെറിയോടെ കത്തിയാളുന്ന ഗുഡ്സ് ഓട്ടോയിൽനിന്ന് തീപടർന്നതിനെത്തുടർന്ന് പൊള്ളലേറ്റ് പിടഞ്ഞ അഞ്ച് വയസ്സുകാരി ഷിഫാനയെ വലിച്ച് പുറത്തിട്ടത് മാതാവ് ജാസ്മിന്‍റെ സഹോദരി നസീറ. കൊണ്ടിപറമ്പ് നെല്ലിക്കുന്നിൽ വീടിന് നൂറ് മീറ്ററിലേറെ അപ്പുറത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്കരികിലേക്ക് ഭർത്താവ് മുഹമ്മദ് വിളിച്ചതിനെത്തുടർന്നാണ് ജാസ്മിനും രണ്ട് മക്കളും പോയത്. സഹോദരി റസീനയും കുഞ്ഞും ഇവരുടെ പിന്നാലെ ഇറങ്ങിയിരുന്നു. ജാസ്മിന്‍റെ മൂത്ത മകൾ ഫർഷിദ ജാനെയും വിളിച്ചിരുന്നെങ്കിലും പോയില്ല.
ഓട്ടോ പൊട്ടിത്തെറിക്കുന്നത് കണ്ട് ജാസ്മിന്‍റെ സഹോദരിമാരായ റസീനയും നസീറയും ഓടിയെത്തിയെങ്കിലും നടുക്കുന്ന കാഴ്ച കണ്ട് റസീന താഴെ വീണു. കത്തിയാളുന്ന വാഹനത്തിൽനിന്നാണ് ഷിഫാനയെ നസീറ വലിച്ചിട്ടത്.
ഇതിനിടെ മുഖത്തും ദേഹത്തും ഇവർക്ക് പൊള്ളലേറ്റു. താഴേക്ക് വലിച്ചിട്ട ശേഷം നിലത്തിട്ട് ഉരുട്ടിയാണ് തീകെടുത്തിയത്. അപ്പോഴേക്കും അയൽവാസികളും നാട്ടുകാരിൽ ചിലരും ഓടിയെത്തിയിരുന്നു.
ജാസ്മിനും മകൾ ഫാത്തിമ സഫയും വാഹനത്തിലിരുന്ന് കത്തുന്നത് നോക്കിനിൽക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. മുക്കാൽ മണിക്കൂറോളം ഓട്ടോ നിന്ന് കത്തി. ഇടുങ്ങിയ വഴികളിലൂടെ ഫയർ ആൻഡ് റസ്ക്യൂ വാഹനം എത്തിപ്പെടാനും ഏറെ ബുദ്ധിമുട്ടി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിന്‍റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മേലാറ്റൂർ, പാണ്ടിക്കാട് സി.ഐമാരും സബ് കലക്ടർ ശ്രീധന്യ സുരേഷ്, തഹസിൽദാർ പി.എം. മായ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.