ഇതൊന്നു കേൾക്കൂ മുഖ്യമന്ത്രീ...
text_fieldsപെരിന്തൽമണ്ണ: നവംബർ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തൽമണ്ണയിൽ നടക്കാനിരിക്കെ മൂന്നു വർഷം മുമ്പ് അദ്ദേഹം പ്രവൃത്തി ഉദ്ഘാടനം നടത്തിയ മേലാറ്റൂർ -പുലാമന്തോൾ റോഡ് പൂർത്തിയാവാതെത്തന്നെ കിടക്കുന്നു. പൂർത്തിയായില്ലെന്ന് മാത്രമല്ല, ഒരു വർഷത്തോളമായി നിർമാണം നിലക്കുകയും കരാറുകാർ ഉപേക്ഷിച്ച് പോകുകയും ചെയ്തു. മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും സർക്കാർ സംവിധാനത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയർത്തി ദിവസങ്ങൾ മുമ്പാണ് രാഷ്ട്രീയ ഭേദമന്യേ പെരിന്തൽമണ്ണയിൽ സമരങ്ങൾ നടന്നത്.
സർക്കാർ സംവിധാനത്തിന് മുമ്പാകെയും നിയമസഭയിൽ ഒന്നിലേറെ തവണയും വിഷയമെത്തിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടായില്ലെന്നതാണ് ജനങ്ങളുയർത്തുന്ന ആക്ഷേപം.
നവ കേരള സദസ്സിന് മുമ്പേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ ആലോചന നടന്നിരുന്നെങ്കിലും പൂർത്തിയായില്ല. ആദ്യം സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സംയുക്തമായി ഒക്ടോബർ 25ന് സമരം പ്രഖ്യാപിച്ച് നവംബർ രണ്ടിന് സർവിസ് നിർത്തി സമരം നടത്തി.
സമരത്തിന് നോട്ടീസ് നൽകിയ ബസുടമകളെ ചർച്ചക്കു പോലും വിളിച്ചതുമില്ല. നവംബർ ഒന്നിന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വലിയ ജനപങ്കാളിത്തത്തോടെ 12 കി.മീ സമര യാത്രയും നവംബർ ആറിന് വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ട് പ്രദേശങ്ങളിൽ നിന്നായി പെരിന്തൽമണ്ണയിലേക്ക് പദയാത്രയും നടത്തി.
അതത് പ്രദേശത്തെ പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സുമായി എത്തുമ്പോഴെങ്കിലും ഈ റോഡിന്റെയും യാത്രക്കാരുടെയും പ്രശ്നങ്ങൾ മുഖ്യമന്ത്രി കേൾക്കണേ എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.