പന്തലിട്ട് ഒരുങ്ങി പെരിന്തൽമണ്ണ; വികസന പദ്ധതികളിൽ പ്രതീക്ഷ
text_fieldsപെരിന്തൽമണ്ണ: വ്യാഴാഴ്ച നടക്കുന്ന പെരിന്തൽമണ്ണയിലെ നവകേരള സദസ്സിന്റെ വേദിയും പന്തലും അടക്കം ഒരുക്കങ്ങൾ നോഡൽ ഓഫിസർ കെ.വി. ആശ മോൾ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിലയിരുത്തി. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ പന്തലിനോട് ചേർന്ന് 23 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിലേക്ക് എത്തുന്നവരിൽ പകുതിയോളം പേർക്ക് ഇരിക്കാനുള്ള സ്ഥല സൗകര്യമാണിത്. വാഹന പാർക്കിങ് അടക്കമുള്ള കാര്യങ്ങൾ ക്രമീകരിച്ചു വരികയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ ബസ് മൈതാനത്തേക്ക് പ്രവേശിക്കും.
ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ, പൊലീസ്, വകുപ്പ് സെക്രട്ടറിമാർ എന്നിവരുടെയും വാഹനങ്ങൾ നിർത്തിയിടാൻ ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. ഊട്ടി റോഡിൽ നിന്ന് നെഹ്റു സ്റ്റേഡിയത്തിലേക്ക് ചേരുന്ന റോഡിന്റെ നിയന്ത്രണം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പൊലീസ് ഏറ്റെടുക്കും. നവകേരള സദസ്സിലേക്ക് എത്തുന്ന പൊതുജനങ്ങൾ അടക്കമുള്ളവർക്കും മറ്റു വഴികൾ സൗകര്യപ്പെടുത്തിയാവും ഈ റോഡിൽ നിയന്ത്രണം കൊണ്ടുവരിക. 38,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പന്തൽ. നേരത്തെ 5,000 പേരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമാണ് ആലോചിച്ചിരുന്നത്. പെരിന്തൽമണ്ണയിലെ സ്വീകരണം മൂന്നിന് തുടങ്ങി പ്രധാന അതിഥികൾ വൈകീട്ടോടെയേ എത്തൂ എന്നതിനാൽ മൈതാനത്തിൽ നിലവിലെ ഗാലറികളടക്കം ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ എന്നിവർക്ക് മൂന്നിടത്തായാണ് താമസ സൗകര്യം. നേരത്തെ തന്നെ വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചതിനാൽ ഒരുക്കം പൂർത്തിയായിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിലെ ആവുന്നത്ര വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കും. വ്യാപാരികളുടെ പങ്കാളിത്തത്തിൽ ഗേറ്റും അഭിവാദ്യം ചെയ്തുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ വികസനത്തിന് മുതൽക്കൂട്ടാവേണ്ട പദ്ധതികളിൽ സർക്കാറിന്റെ പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാണ് ജനം പ്രതീക്ഷിക്കുന്നത്.
പ്രഭാത ഭക്ഷണം ഹോട്ടൽ ആൻഡ് റസറ്റോറന്റ് അസോ. വക
പെരിന്തൽമണ്ണ: വ്യാഴാഴ്ച പെരിന്തൽമണ്ണയിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാത സദസ്സിലേക്ക് പ്രഭാത ഭക്ഷണം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വക. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മുതലാണ് പ്രഭാത സദസ്സ്. ഇതിന്റെ മുമ്പായാണ് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട അംഗങ്ങൾക്കും ഇവിടെ പ്രഭാത ഭക്ഷണമൊരുക്കിയത്. 600 പേർക്കുള്ള ഭക്ഷണമാണ് എത്തിക്കുകയെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കെ.ടി. അബ്ബാസ് പട്ടിക്കാട്, സെക്രട്ടറി എം. ബാലകൃഷ്ണൻ, പാതാരി അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഇതിന്റെ നടപടികൾ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.